Thursday, August 26, 2010

മദ്യപനു മോര്‍ച്ചറിയും ഉറങ്ങാന്‍ സ്വര്‍ഗം

മുളങ്കുന്നത്തുകാവ്: തിരുവോണദിനത്തില്‍ മദ്യപന്‍ ഉറക്കത്തിനു തിരഞ്ഞെടുത്തതു മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറി. ആളനക്കം കേട്ട് മോര്‍ച്ചറിയിലെ ഇന്‍ക്വസ്റ്റ് മേശയില്‍നിന്ന് എഴുന്നേറ്റ മദ്യപനെ കണ്ട് യഥാര്‍ഥമൃതദേഹവുമായി വന്ന ആശുപത്രി ജീവനക്കാര്‍ ഭയന്നോടി.

മുളങ്കുന്നത്തുകാവ് മെഡിക്കല്‍ കോളജ് മോര്‍ച്ചറിയില്‍ തിങ്കളാഴ്ചയാണ് ആശുപത്രി ജീവനക്കാരെ മുള്‍മുനയില്‍ നിര്‍ത്തിയ സംഭവം. മുവാറ്റുപുഴ സ്വദേശിയും മഞ്ചേരിയില്‍ ഇന്‍ഷുറന്‍സ് കമ്പനിയിലെ ഉദ്യോഗസ്ഥനുമാണ് കഥാനായകന്‍. പിന്നീടു പൊലീസ് സഹായത്തോടെ ഇദ്ദേഹത്തെ മഞ്ചേരിയിലേക്കു പറഞ്ഞയച്ചു. മുവാറ്റുപുഴയില്‍നിന്നു മഞ്ചേരിയിലേക്കുള്ള ട്രെയിന്‍ യാത്രയില്‍ തിരൂര്‍ സ്റ്റേഷനാണെന്ന ധാരണയില്‍ ഇദ്ദേഹം തൃശൂരില്‍ ഇറങ്ങിയത്രെ. തുടര്‍ന്നു സ്റ്റേഷനില്‍നിന്ന് ഒാട്ടോറിക്ഷ വിളിച്ച കഥാനായകന്‍ ഡ്രൈവറെകൊണ്ടു മദ്യം വാങ്ങിപ്പിച്ചു.

ഒാട്ടോയില്‍തന്നെ ഇരുവരും ചേര്‍ന്നു മദ്യക്കുപ്പി കാലിയാക്കി. പിന്നീടൊന്നും ഓര്‍മയില്ലെന്നാണു കക്ഷി പൊലീസിനോടു പറഞ്ഞത്. വിശ്രമിക്കാന്‍ പറ്റിയ സ്ഥലമാണെന്നു പറഞ്ഞാണത്രെ ഒാട്ടോക്കാരന്‍ മോര്‍ച്ചറിക്കു സമീപം ഇറക്കിവിട്ടത്. മോര്‍ച്ചറിയിലാണെന്ന് അറിയാതെ സുഖനിദ്രയിലായപ്പോഴാണ് ആശുപത്രി ജീവനക്കാരുടെ വരവ്. ആശുപത്രി ജീവനക്കാരില്‍ മൂന്നു സ്ത്രീകളും ഉണ്ടായിരുന്നു. അനക്കം കേട്ട് എഴുന്നേല്‍ക്കുമ്പോഴും കഥാനായകനു താന്‍ എവിടെയാണെന്ന് അറിയില്ലായിരുന്നു. ആരാണെന്നു ചോദിച്ചിട്ട് മറുപടി പറയാത്തതോടെ ഭയം ഇരട്ടിയായി.

ഇതിനിടെ തൊട്ടടുത്ത ഗേറ്റില്‍ കാലുറയ്ക്കാതെ പിടിച്ചു നിന്നപ്പോഴാണു വില്ലന്‍ മദ്യമാണെന്നു ബോധ്യമായത്. പിന്നീടു ജീവനക്കാര്‍ കാര്യങ്ങള്‍ തിരക്കി പൊലീസ് എയ്ഡ് പോസ്റ്റില്‍ ഏല്‍പ്പിക്കുകയായിരുന്നു. പൊലീസ് സംരക്ഷണത്തില്‍ ആശുപത്രി വരാന്തയില്‍ കിടന്നുറങ്ങിയശേഷം ചൊവ്വാഴ്ച രാവിലെയാണ് ഇയാള്‍ മഞ്ചേരിയിലെ ജോലിസ്ഥലത്തേക്കു പോയത്.

No comments: