Tuesday, August 3, 2010

അമിത മദ്യപാനം: കുടുംബകോടതികളില് വിവാഹമോചനകേസുകള് പെരുകുന്നു

Sunday, August 1, 2010
കണ്ണൂര്: ഗൃഹനാഥന്റെ അമിതമദ്യപാനത്തെ തുടര്ന്നുണ്ടാകുന്ന ശൈഥില്യങ്ങള് മൂലം കുടുംബകോടതികളില് വിവാഹമോചന കേസുകള് പെരുകുന്നു. മുന്വര്ഷങ്ങളെ അപേക്ഷിച്ച് ഇരട്ടിയോളം വിവാഹമോചന ഹരജികളാണ് സംസ്ഥാനത്തെ കുടുംബകോടതികളില് തീര്പ്പുകാത്തിരിക്കുന്നത്. കണ്ണൂര് കുടുംബകോടതിയില് തീര്പ്പാകാതെകിടക്കുന്ന വിവാഹമോചന കേസുകള് ആയിരത്തോളം വരും. കൂലിപ്പണിക്കാര് മുതല് ഉന്നതശ്രേണിയില് കഴിയുന്നവര് വരെ ഇക്കൂട്ടത്തില്പെടും. തളിപ്പറമ്പ്, ഇരിട്ടി, കരിക്കോട്ടക്കരി തുടങ്ങി മലയോരമേഖലകളില്നിന്നും തലശ്ശേരിയില്നിന്നുമാണ് കൂടുതലും ഹരജികള് എത്തുന്നതെന്ന് കുടുംബകോടതി വക്താക്കള് പറയുന്നു.
കണ്ണൂര് കുടുംബകോടതിയിലുള്ള ആയിരത്തോളം വിവാഹമോചന ഹരജികളില് കൂടുതലും ക്രിസ്ത്യന് സമുദായത്തില്പെട്ടവരുടേതാണ്. ലത്തീന് വിഭാഗത്തിനാണ് ഇവരില് മുന്തൂക്കം. നിരന്തരം മര്ദിക്കുന്ന മദ്യപാനിയായ ഭര്ത്താവില്നിന്ന് മോചനം ആവശ്യപ്പെട്ടാണ് കരിക്കോട്ടക്കരിയിലെ ഒരു വീട്ടമ്മ കുടുംബകോടതിയെ സമീപിച്ചത്. പ്രതിദിനം അഞ്ഞൂറും അറുനൂറും രൂപ കൂലിപ്പണി ചെയ്തുണ്ടാക്കുന്ന ഭര്ത്താവ് നയാപൈസ വീട്ടില് കൊണ്ടുവരാറില്ലെന്നും താനും മക്കളും പട്ടിണിയിലാണെന്നും ബോധിപ്പിച്ച വീട്ടമ്മക്ക് കോടതി കൗണ്സലിങ് നല്കിയെങ്കിലും ഇവര് ഒത്തുതീര്പ്പിന് തയാറായില്ല. കോടതിയിലെത്തുന്ന 90 ശതമാനം വിവാഹമോചന കേസുകളിലും ഭര്ത്താവിന്റെ മദ്യപാനം തന്നെയാണ് വില്ലന്.
ക്രിസ്തീയ സഭാനേതൃത്വം വിവാഹമോചനം അനുവദിക്കാറില്ല. രണ്ടുവര്ഷമോ അതിലധികമോ വേര്പെട്ട് കഴിയുന്നതായ രേഖകളോടെ വിവാഹമോചന കേസുകള് ഫയല് ചെയ്യാമെന്ന നിയമം വന്നതോടെ ഹരജിക്കാരുടെ എണ്ണം പതിന്മടങ്ങ് വര്ധിച്ചതായി കുടുംബകോടതി വൃത്തങ്ങള് പറഞ്ഞു. കണ്ണൂര് കുടുംബകോടതിയിലുള്ള ഹരജികളില് രണ്ടാം സ്ഥാനം മുസ്ലിം സമുദായത്തിനാണ്. ജീവനാംശം ആവശ്യപ്പെട്ടാണ് കൂടുതലും ഹരജികള് എത്തുന്നത്. മുമ്പ് ജഡ്ജിയും മറ്റും നേരിട്ട് ഇടപെട്ട് വിവാഹമോചനം പരമാവധി ഒഴിവാക്കിയിരുന്നു. എന്നാല്, വിശദമായ കൗണ്സലിങ്ങിനു പുറമെ കോടതി നേരിട്ട് ഇടപെട്ടിട്ടും പുതുതലമുറ വഴങ്ങുന്നില്ലെന്ന് രേഖകള് പറയുന്നു.
പ്രണയിച്ച് വിവാഹിതരായവരില് 'മോചനപ്രവണത' വര്ധിച്ചുവരുന്നതായി കുടുംബകോടതികളിലെ കണക്കുകള് വ്യക്തമാക്കുന്നു. കോഴിക്കോട് നഗരത്തിലെ ഒരു ഹൈന്ദവസംഘടന മുഖേന രജിസ്റ്റര് വിവാഹം ചെയ്ത നിരവധി ദമ്പതിമാര് വിവാഹമോചന ഹരജി നല്കി തീര്പ്പിന് കാത്തിരിക്കുകയാണെന്ന് കുടുംബകോടതി വക്താവ് 'മാധ്യമ'ത്തോട് പറഞ്ഞു. രക്ഷിതാക്കളെ അറിയിക്കാതെയാണ് ഈ സംഘടന വിവാഹം നടത്തിക്കൊടുക്കുന്നത്. കണ്ണൂര്, കാസര്കോട്, വയനാട്, മലപ്പുറം തുടങ്ങി അയല്ജില്ലകളിലെ വിദ്യാര്ഥികളാണ് ഈ സംഘടനയെ സമീപിക്കുന്നതില് അധികവും.

ബാബു ചെറിയാന്