Wednesday, July 8, 2009

ഗുജറാത്ത്‌ വിഷമദ്യദുരന്തം: മരണസംഖ്യ 45 ആയി


അഹമ്മദാബാദ്‌: അഹമ്മദാബാദ്‌ ജില്ലയിലെ മജുര്‍ഗാം മേഖലയില്‍ വ്യാജമദ്യം കഴിച്ച്‌ മരിച്ചവരുടെ എണ്ണം 45 ആയി. ചൊവ്വാഴ്‌ച രാവിലെയാണ്‌ ഇവിടെ ദുരന്തമുണ്ടായത്‌. ഒദ്ധവ്‌ ഫയര്‍‌സ്റ്റേഷന്‍, രബ്രറി ചാല്‍, അമരയ്‌വാഡി, ചബാന്‍പുര എന്നിവിടങ്ങളില്‍നിന്നുള്ള കൂലിപ്പണിക്കാരാണ്‌ മരിച്ചവരില്‍ ഭൂരിഭാഗവും.

അതിഗുരുതരാവസ്ഥയില്‍ അഹമ്മദാബാദിലെ ആസ്‌പത്രികളില്‍ ഏറെപ്പേര്‍ ചികിത്സയിലാണ്‌. വ്യാജമദ്യവില്‌പന നടത്തിയവരെ ഇതുവരെ പോലീസ്‌ പിടികൂടിയിട്ടില്ല. സംഭവത്തെക്കുറിച്ച്‌ അന്വേഷിക്കുന്നതിന്‌ അന്വേഷണ കമ്മീഷനെ നിയോഗിച്ചതായി ആഭ്യന്തരമന്ത്രി അമിത്‌ഷാ നിയമസഭയില്‍ പ്രഖ്യാപിച്ചു. സഭയില്‍ ഈ വിഷയത്തില്‍ ബഹളമുണ്ടാക്കിയ 10 കോണ്‍ഗ്രസ്‌ എം.എല്‍.എ.മാരെ സ്‌പീക്കര്‍ അശോക്‌ഭട്ട്‌ സഭയില്‍നിന്നും സസ്‌പെന്‍ഡ്‌ ചെയ്‌തു. ആഭ്യന്തരമന്ത്രി രാജിവെക്കണമെന്നാവശ്യപ്പെട്ടാണ്‌ സഭയില്‍ കോണ്‍ഗ്രസ്‌ അംഗങ്ങള്‍ ബഹളമുണ്ടാക്കിയത്‌.

മദ്യദുരന്തത്തില്‍ പ്രതിഷേധിച്ച്‌ സഗ്രാപിത ബെഹ്‌രാപുര മേഖലയില്‍ ജനങ്ങള്‍ ബുധനാഴ്‌ചയും സംഘടിച്ച്‌ റോഡിലിറങ്ങി. വാഹനങ്ങള്‍ക്ക്‌ നേരെയും സ്ഥാപനങ്ങള്‍ക്ക്‌ നേരെയും ഇവര്‍ കല്ലേറ്‌ നടത്തി. സംഭവത്തിന്റെ പേരില്‍ രണ്ട്‌ പോലീസ്‌ ഇന്‍സ്‌പെക്ടര്‍മാരെ സസ്‌പെന്‍ഡ്‌ ചെയ്‌തു. ജില്ലാ പോലീസ്‌ സൂപ്രണ്ടിനെതിരെ നടപടിയെടുക്കാനും ഡി.ജി.പി. ഉത്തരവിട്ടു. 1960 മുതല്‍ മദ്യനിരോധനം നിലനില്‍ക്കുന്ന ഗുജറാത്തില്‍ ആദ്യമായാണ്‌ ഇത്രയും വലിയ മദ്യദുരന്തമുണ്ടാകുന്നത്‌.