Friday, April 23, 2010

ബാറുകള്‍ക്കെതിരെ റിപ്പോര്‍ട്ട്: ഉദ്യോഗസ്ഥര്‍ക്ക് സസ്പെന്‍ഷന്‍

ബാറുകള്‍ക്കെതിരെ റിപ്പോര്‍ട്ട്: ഉദ്യോഗസ്ഥര്‍ക്ക് സസ്പെന്‍ഷന്‍
വടകര: മദ്യവില്‍പന നിരോധിച്ച ദിവസം തുറന്നുപ്രവര്‍ത്തിച്ച മൂന്നു ബാറുകള്‍ക്കെതിരെ റിപ്പോര്‍ട്ട് നല്‍കിയ പ്രിവന്റീവ് ഓഫിസര്‍ക്ക് സസ്പെന്‍ഷന്‍; മറ്റു മൂന്നു ഉദ്യോഗസ്ഥര്‍ക്ക് സ്ഥലംമാറ്റവും ! എക്സൈസ് ഇന്റലിജന്‍സ് ആന്‍ഡ് ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോ കോഴിക്കോട് ഓഫിസിലെ പ്രിവന്റീവ് ഓഫിസര്‍ ടി. രമേഷിനെയാണ് സസ്പെന്‍ഡ് ചെയ്തത്. കോഴിക്കോട് സര്‍ക്കിള്‍ ഓഫിസിലെ പ്രിവന്റീവ് ഓഫിസറും എക്സൈസ് സ്റ്റാഫ് അസോസിയേഷന്‍ ജില്ലാ പ്രസിഡന്റുമായ എന്‍. സഹദേവന്‍ ഇന്റലിജന്‍സ് ബ്യൂറോയിലെ പ്രിവന്റീവ് ഓഫിസറും അസോസിയേഷന്‍ സംസ്ഥാന എക്സിക്യൂട്ടീവ് അംഗവുമായ കെ. സുബ്രഹ്മണ്യന്‍, ഡ്രൈവര്‍ പി.പി. മോഹനന്‍ എന്നിവരെയാണ് കഴിഞ്ഞയാഴ്ച ഒറ്റയടിക്ക് സ്ഥലംമാറ്റിയത്. അന്യായമായ സസ്പെന്‍ഷനിലും കൂട്ടസ്ഥലംമാറ്റത്തിലും എക്സൈസ് ഉദ്യോഗസ്ഥരില്‍ അമര്‍ഷം പുകയുകയാണ്.

2009 സെപ്റ്റംബര്‍ ഒന്നിന് ഉത്രാടനാളില്‍ പ്രവര്‍ത്തിച്ച കോടഞ്ചേരിയിലെ തുഷാര ബാര്‍, 21ന് ഗുരുസമാധി ദിനത്തില്‍ പ്രവര്‍ത്തിച്ച കോഴിക്കോട്ടെ ശാസ്താപുരി ബാര്‍, രാമനാട്ടുകരയിലെ പാര്‍ക്ക് റസിഡന്‍സി എന്നിവക്കെതിരെയാണ് ഉദ്യോഗസ്ഥര്‍ റിപ്പോര്‍ട്ട് നല്‍കിത്. എന്നാല്‍, അഭിനന്ദത്തിനു പകരം പ്രിവന്റീവ് ഓഫിസര്‍ക്ക് ഈ മാസം 16ന് ലഭിച്ച സസ്പെന്‍ഷന്‍ ഉത്തരവില്‍ കാരണമായി പറയുന്നത് ഈ ബാറുകളില്‍നിന്ന് കൈക്കൂലി ആവശ്യപ്പെട്ടെന്നാണ്.

കോഴിക്കോട് ജില്ലാ ബാര്‍ ഓണേഴ്സ് അസോസിയേഷന്‍ സംസ്ഥാന നേതാക്കള്‍ വഴി എക്സൈസ് മന്ത്രിയുടെ ഓഫിസ് മുഖേന നടത്തിയ ഇടപെടലാണത്രെ സസ്പെന്‍ഷന് വഴിവെച്ചത്. തുടര്‍ന്ന് എക്സൈസ് വിജിലന്‍സ് എസ്.പി ഉദ്യോഗസ്ഥരെ തിരുവനന്തപുരത്തേക്ക് വിളിപ്പിച്ച് തെളിവെടുത്തശേഷം നടപടിക്ക് ശിപാര്‍ശ ചെയ്ത് അഡീഷനല്‍ എക്സൈസ് കമീഷണര്‍ക്ക് സമര്‍പ്പിക്കുകയായിരുന്നു.

സത്യസന്ധരായ ഉദ്യോഗസ്ഥരുടെ മനോവീര്യം തകര്‍ക്കുംവിധം ഏകപക്ഷീയമായാണ് മേലുദ്യോഗസ്ഥര്‍ പെരുമാറുന്നതെന്ന് എക്സൈസ് വകുപ്പില്‍ പരക്കെ ആക്ഷേപമുണ്ട്. തങ്ങള്‍ക്കെതിരെ ആരെങ്കിലും അടിസ്ഥാനമില്ലാത്ത പരാതി അയച്ചാല്‍ അതു മാത്രം പരിഗണിച്ച് മേലധികാരികള്‍ നടപടി സ്വീകരിക്കുകയാണെന്നാണ് ജീവനക്കാരുടെ പരാതി. തങ്ങളുടെ വിശദീകരണം മുഖവിലക്കെടുക്കുന്നുമില്ലെന്ന് ജീവനക്കാര്‍ പറയുന്നു. വടകര റേഞ്ച് ഇന്‍സ്പെക്ടര്‍ കെ.കെ. മുരളീധരന്റെ വിവാദ സസ്പെന്‍ഷന്‍ കത്തിനില്‍ക്കുമ്പോഴാണ് മേലധികാരികള്‍ അന്യായമായ ശിക്ഷാനടപടികള്‍ തുടരുന്നതെന്ന് ഉദ്യോഗസ്ഥര്‍ കുറ്റപ്പെടുത്തുന്നു. കെ.കെ. മുരളീധരന്റെ സസ്പെന്‍ഷന് കാരണമായി പറഞ്ഞിരുന്നത് പരാതിക്കാരനായ വിമുക്തഭടനെ അധിക മദ്യം കൈവശം വെച്ചെന്ന് കള്ളക്കേസുണ്ടാക്കി അറസ്റ്റ് ചെയ്തെന്നായിരുന്നു. എന്നാല്‍, ഇന്‍സ്പെക്ടര്‍ പിടികൂടിയ മദ്യം മിലിറ്ററി കാന്റീനില്‍നിന്ന് പരാതിക്കാരന് വിതരണം ചെയ്തതാണോ എന്നുള്ളതൊന്നും തെളിവെടുപ്പില്‍ പരിശോധിച്ചില്ല. കേസില്‍ മദ്യവുമായി പിടികൂടിയ സ്കൂട്ടര്‍ കോടതിയുടെ പരിഗണനയിലുള്ള തൊണ്ടിവസ്തുവാണെന്നിരിക്കെ പ്രത്യേക ഉത്തരവുമൂലം പരാതിക്കാരന് വിട്ടുകൊടുത്തതും പ്രതിഷേധത്തിനിടയാക്കിരുന്നു.


അമിയ മീത്തല്‍

Tuesday, April 20, 2010

കൌമാരക്കാരികളുടെ മദ്യപാനം കാന്‍സറിനു കാരണമാകും


കൌമാരക്കാരികളുടെ മദ്യപാനം കാന്‍സറിനു കാരണമാകും
വാഷിങ്ടണ്‍: മദ്യം കഴിക്കുന്ന കൌമാരക്കാരികള്‍ക്ക് സ്തനാര്‍ബുദം വരാനുള്ള സാധ്യത കൂടുതലെന്ന് പഠനം.
വാഷിങ്ടണ്‍ യൂനിവേഴ്സിറ്റി സ്കൂള്‍ ഓഫ് മെഡിസിന്‍, ഹാര്‍വാര്‍ഡ് യൂനിവേഴ്സിറ്റി എന്നിവിടങ്ങളിലെ ഗവേഷകരാണ്, ആഴ്ചയില്‍ അഞ്ചു തവണയില്‍ കൂടുതല്‍ മദ്യം സേവിക്കുന്ന കൌമാരക്കാരികളില്‍ അര്‍ബുദ സാധ്യത കണ്ടെത്തിയിരിക്കുന്നത്.


അടുത്തകാലത്തായി മദ്യം ഉപയോഗിക്കുന്ന കോളജ് വിദ്യാര്‍ഥിനികളുടെ എണ്ണം വര്‍ധിച്ചുവരുന്നതായി മേല്‍ പഠനം പുറത്തുവിട്ട 'പീഡിയാട്രിക്സ്' ജേണല്‍ പറയുന്നു.


ഒമ്പതിന്റെയും 15ന്റെയും ഇടയില്‍ പ്രായമുള്ള 6,899 പെണ്‍കുട്ടികളെ പഠനത്തിനായി ഗവേഷകര്‍ ആശ്രയിച്ചതായി നേതൃത്വം കൊടുത്ത കാതറിന്‍ എസ്. ബര്‍കെ പറഞ്ഞു. അവരില്‍ അര്‍ബുദത്തിന്റെ പ്രാഥമിക ലക്ഷണങ്ങള്‍ കണ്ടുവത്രെ

Friday, April 2, 2010

കഴിഞ്ഞ സാമ്പത്തിക വര്‍ഷം വിറ്റത് 5000 കോടിയുടെ വിദേശമദ്യം!

കഴിഞ്ഞ സാമ്പത്തിക വര്‍ഷം വിറ്റത് 5000 കോടിയുടെ വിദേശമദ്യം!
തിരുവനന്തപുരം: മാര്‍ച്ച് 31ന് അവസാനിച്ച സാമ്പത്തികവര്‍ഷം അയ്യായിരം കോടിയിലധികം രൂപയുടെ വിദേശമദ്യം സംസ്ഥാന ബിവറേജസ് കോര്‍പറേഷന്‍ മദ്യവില്‍പനശാലകളിലൂടെ വിറ്റഴിച്ചു. ഇത് സര്‍വകാല റെക്കോഡാണ്. കേരളത്തിലെ വിദ്യാര്‍ഥികളും സ്ത്രീകളും ഉള്‍പ്പെട്ട ഒരുവിഭാഗവും മദ്യഉപഭോഗത്തിലേക്ക് നീങ്ങുകയാണെന്നാണ് കാര്യങ്ങള്‍ വ്യക്തമാക്കുന്നത്.

കഴിഞ്ഞ പത്ത്വര്‍ഷത്തെ കണക്ക് പരിശോധിച്ചാല്‍ ബിവറേജസ് കോര്‍പറേഷന്‍ മുഖേനയുള്ള മദ്യവില്‍പനയില്‍ സാരമായ വര്‍ധനയാണ് പ്രകടമാകുന്നത്. ഇതിന് പുറമെയാണ് കള്ള്, വ്യാജമദ്യം എന്നിവയുടെ ഉപഭോഗം. ചാരായ നിരോധത്തിന് ശേഷം വിദേശമദ്യവില്‍പനയില്‍ കാര്യമായ വര്‍ധനയുണ്ടായതായി കണക്കുകള്‍ വ്യക്തമാക്കുന്നു. 2000^01 വര്‍ഷത്തില്‍ ബെവ്കോ മുഖേനയുള്ള മദ്യവില്‍പന 1338.26 കോടി രൂപയായിരുന്നെങ്കില്‍ കഴിഞ്ഞ ഏപ്രില്‍ മുതല്‍ ഫെബ്രുവരി വരെയുള്ള കണക്ക് പ്രകാരം 4988.97 കോടിയുടെ വിദേശമദ്യമാണ് ഈ ഔട്ട്ലെറ്റുകള്‍ വഴി വിറ്റഴിച്ചത്. 2001^'02 ല്‍ 1694.91 കോടി, '02^'03 ല്‍ 1847.20, '03^'04 ല്‍ 2071.32, '04^'05 ല്‍ 2320.15, '05^'06 ല്‍ 2635.81, '06^'07 ല്‍ 3143.29, '07^'08 ല്‍ 3669.49, '08^'09 ല്‍ 4630.57 കോടി എന്നിങ്ങനെയാണ് മദ്യവില്‍പനയുടെ കണക്ക്.

മദ്യം മലയാളിയുടെ ജീവിതത്തിന്റെ ഭാഗമായി മാറിയിരിക്കുന്നുവെന്ന പഠനങ്ങളാണ് പുറത്തുവരുന്നത്. വിവിധ സംഘടനകള്‍ വിദ്യാര്‍ഥികള്‍ക്കിടയില്‍ നടത്തിയ സര്‍വേയില്‍ ഹൈസ്കൂള്‍ മുതല്‍ പ്ലസ് ടു വരെയുള്ള ക്ലാസുകളിലെ കുട്ടികളില്‍ മദ്യത്തിന്റെ ഉപഭോഗം വര്‍ധിക്കുന്നതായാണ് കണ്ടെത്തിയിട്ടുള്ളത്. ബിയര്‍ പോലുള്ള പാനീയങ്ങളില്‍ തുടങ്ങി മദ്യത്തിലേക്ക് തിരിയുന്ന പൊതുസ്വഭാവം വളര്‍ന്നുവരുന്നതായും പഠനങ്ങള്‍ സൂചിപ്പിക്കുന്നു.