Monday, September 6, 2010

മലപ്പുറത്ത് വിഷമദ്യം; മരണം20 ആയി,കൊലക്കുറ്റത്തിന് കേസെന്ന് കോടിയേരിയും ഗുരുദാസനും



മലപ്പുറം: കുറ്റിപ്പുറത്തെയും തൊട്ടടുത്ത പേരശ്ശനൂരിലെയും നിലമ്പൂരിനടുത്ത വാണിയമ്പലത്തെയും കള്ളുഷാപ്പുകളില്‍നിന്ന് മായംചേര്‍ത്ത കള്ളുകുടിച്ച് മരിച്ചവരുടെ എണ്ണം 20-ആയി. പേരശ്ശനൂര്‍ സ്വദേശി ബാലകൃഷ്ണന്‍ ചൊവ്വാഴ്ച രാവിലെയാണ് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ മരിച്ചത്. കുറ്റിപ്പുറം-പേരശ്ശനൂര്‍ ഭാഗങ്ങളില്‍ 12 പേരും വാണിയമ്പലത്ത് 8 പേരുമാണ് മരിച്ചത്. മരിച്ച 17 പേരുടെ പോസ്റ്റുമോര്‍ട്ടം നടപടികള്‍ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ആരംഭിച്ചു. അവശനിലയിലായ 15 പേര്‍ വിവിധ ആസ്​പത്രികളിലാണ്. കള്ളുകുടിച്ചു എന്ന് പറയപ്പെടുന്ന ഒരാളെ കാണാതായിട്ടുമുണ്ട്. പേരശ്ശനൂര്‍ കാരത്തൂര്‍ പറമ്പില്‍ സുബ്രഹ്മണ്യന്‍ (മണി-35), പിലാക്കല്‍ ബാലന്‍ (65), തിരുനാവായ കൊടക്കല്‍ കരുവാഞ്ചേരി ജോണ്‍ മോഹന്‍ദാസ് (40), തിരൂരിനടുത്ത പുല്ലൂരില്‍ താമസിക്കുന്ന തിരുവനന്തപുരം സ്വദേശി നവാസ് (32), ആലത്തിയൂര്‍ ബീരാഞ്ചിറ മേപ്പാടത്ത് ഹൗസില്‍ ചാത്തു (48), തൃപ്രങ്ങോട് എഡ്‌വിന്‍ സോമസുന്ദരന്‍(55), തിരുനാവായ യില്‍ താമസിക്കുന്ന കണ്ണൂര്‍ സ്വദേശി പ്രകാശ് ഷേണായി (42), തമിഴ്‌നാട് സ്വദേശികളായ ധനശേഖരന്‍ (35), നിധി (25), വാണിയമ്പലം പൂത്രക്കോവ് കാരക്കാട് കോളനിയിലെ തണ്ടുപാറക്കല്‍ കുമാരന്‍ (43), ഭാര്യ മീനാക്ഷി എന്ന കാളി (40), എടപ്പറ്റ സ്വദേശി ഷിജു, തമിഴ്‌നാട് സ്വദേശി ചിന്നസ്വാമി (55), തിരുവനന്തപുരം സ്വദേശി രാജീവ് (25), വാണിയമ്പലം പെരു മുണ്ടശ്ശേരി (50), നത്തലക്കുന്ന് എരേപ്പന്‍ വേലായുധന്‍ (40) എന്നിവരാണ് മരിച്ചത്. കുറ്റിപ്പുറത്ത് മരിച്ച രണ്ട് തമിഴ്‌നാട് സ്വദേശികളെ തിരിച്ചറിഞ്ഞിട്ടില്ല. നിധി പേരശ്ശനൂരിലെ ചെങ്കല്‍ ക്വാറിയിലെ തൊഴിലാളിയും ധനശേഖരന്‍ കൂലിപ്പണിക്കാരനുമാണ്. വെള്ളിയാഴ്ച രാത്രിയും ശനിയാഴ്ചയും മദ്യപിച്ചവരാണ് ദുരന്തത്തിനിരയായത്. പേരശ്ശനൂര്‍ സ്വദേശികളായ ചെമ്പലാടന്‍ താമിക്കുട്ടി (40), തെക്കേതില്‍ ബാലന്‍ (53), ചാത്തപ്പറമ്പില്‍ ഗോപാലന്‍, ചെല്ലൂര്‍ പാഴൂര്‍ കരിമ്പനതടത്തില്‍ അന്‍വര്‍ (24), പേരശ്ശനൂര്‍ പാലാട്ടുപടി കണക്കറായി (കുഞ്ഞാനു (50), പുല്ലൂര്‍ സ്വദേശികളായ വാസു(55), ഗോപാലന്‍ (42), മണി(35), നെല്ലിക്കാട്ടില്‍ ചാത്തന്‍(65), ബാലന്‍, അപ്പു എന്നിവരാണ് ചികിത്സയിലുള്ളത്. ഛര്‍ദി, കാഴ്ചക്കുറവ്, ക്ഷീണം എന്നിവയാണ് ഇവര്‍ക്ക് അനുഭവപ്പെടുന്നത്. ബാലനും കണക്കറായിയും അത്യാഹിതവിഭാഗത്തിലാണ്. കീഴേപ്പാട്ട് റഷീദിനെയാണ് കാണാതായതെന്ന് നാട്ടുകാര്‍ പറഞ്ഞു. മെഥനോള്‍ ചേര്‍ത്ത കള്ളാണ് ദുരന്തത്തിന് ഇടയാക്കിയതെന്ന് കോഴിക്കോട് ഫോറന്‍സിക് ലാബില്‍ നടന്ന പരിശോധനയില്‍ വ്യക്തമായി. സംഭവത്തെത്തുടര്‍ന്ന് ഷാപ്പ് നടത്തിപ്പുകാരനായ പട്ടാമ്പി നടുവട്ടം കാരങ്ങേതില്‍ ദ്രവ്യന്‍, ലൈസന്‍സികളായ ബാലകൃഷ്ണന്‍ ഉണ്ണികൃഷ്ണന്‍ എന്നിവരെ പോലീസ് അറസ്റ്റുചെയ്തു. ക്ഷുഭിതരായ നാട്ടുകാര്‍ തിങ്കളാഴ്ച രാവിലെ ഷാപ്പുകള്‍ തകര്‍ക്കുകയും തീവെക്കുകയുംചെയ്തു. പേരശ്ശനൂര്‍ ഷാപ്പില്‍നിന്ന് മദ്യപിച്ച സുബ്രഹ്മണ്യന് ശനിയാഴ്ച രാവിലെയാണ് അസ്വസ്ഥത തുടങ്ങിയത്. തുടര്‍ന്ന് പെരിന്തല്‍മണ്ണയിലെ ആസ്​പത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും വൈകുന്നേരത്തോടെ മരിച്ചു. കള്ളില്‍ വിഷാംശം കലര്‍ന്നതാണ് മരണകാരണമെന്ന് ഡോക്ടര്‍മാര്‍ സംശയം പ്രകടിപ്പിച്ചിരുന്നെങ്കിലും ബന്ധുക്കള്‍ മൃതദേഹം ഉടന്‍ സംസ്‌കരിക്കുകയാണുണ്ടായത്. അതുകൊണ്ടുതന്നെ സംഭവം പുറത്തറിഞ്ഞില്ല. അസ്വാസ്ഥ്യം അനുഭവപ്പെട്ട ബാലനെ തിങ്കളാഴ്ച രാവിലെ ആസ്​പത്രിയില്‍ കൊണ്ടുപോയെങ്കിലും വഴിമധ്യേ മരിച്ചു.


ഞായറാഴ്ച വൈകുന്നേരമാണ് ധനശേഖരനെ അവശ നിലയില്‍ കുറ്റിപ്പുറം റെയില്‍വെ സ്റ്റേഷനിലെ ഒന്നാം പ്ലാറ്റ്‌ഫോമില്‍ കണ്ടെത്തിയത്. അല്‍പ്പസമയത്തിനകം ഇയാള്‍ മരിക്കുകയുംചെയ്തു. രാത്രിയോടെ പേരശ്ശനൂരിലെ ചെങ്കല്‍ക്വാറിയില്‍ നിധിയുടെ മൃതദേഹവും കാണപ്പെട്ടു. തുടര്‍ന്ന് പോലീസ് നടത്തിയ പരിശോധനയില്‍ തിങ്കളാഴ്ച പുലര്‍ച്ചെ രണ്ടരയോടെ റെയില്‍വെ മേല്‍പ്പാലത്തിന് ചുവട്ടില്‍ കള്ളുഷാപ്പിന് ഏതാനും മീറ്റര്‍ അകലെയും പ്ലാറ്റ്‌ഫോമിലുമായിട്ടാണ് മറ്റു രണ്ട് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ഞായറാഴ്ച രാത്രി പന്ത്രണ്ടരയ്ക്ക് ആസ്​പത്രിയില്‍ വെച്ചാണ് ജോണ്‍മോഹന്‍ദാസ് മരിച്ചത്. വാണിയമ്പലത്തെ കുമാരന്‍ ഞായറാഴ്ച കാലത്ത് പത്തുമണിയോടെയും കാളി തിങ്കളാഴ്ച പുലര്‍ച്ചെ രണ്ടുമണിക്കും ചിന്നസ്വാമി, രാജീവ്, ഷിജു എന്നിവര്‍ തിങ്കളാഴ്ച വൈകീട്ട് നാലരയോടടുത്തുമാണ് മരിച്ചത്. സംഭവമറിഞ്ഞയുടനെ ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണന്‍ കുറ്റിപ്പുറത്തെത്തി. കള്ളില്‍ കൃത്രിമം നടത്തിയതായി കണ്ടെത്തിയാല്‍ നടത്തിപ്പുകാരനെതിരെ കൊലക്കുറ്റത്തിന് കേസെടുക്കുമെന്ന് അദ്ദേഹം പറഞ്ഞു. സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ തിരൂര്‍ ഡിവൈ.എസ്.പി.യെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു. വിഷമദ്യമെന്ന് തെളിഞ്ഞാല്‍ കൊലക്കുറ്റത്തിന് കേസെടുക്കുമെന്ന് എകൈ്‌സസ് മന്ത്രി പി.കെ.ഗുരുദാസന്‍ പറഞ്ഞു.ദുരന്തത്തെപ്പറ്റി എകൈ്‌സസ് കമ്മീഷണര്‍ അന്വേഷിക്കും - മന്ത്രി പറഞ്ഞു.പത്മാവതിയാണ് മരിച്ച ബാലന്റെ ഭാര്യ. മക്കള്‍: കുട്ടന്‍, അനില്‍, രജനി, അജിത. മരുമക്കള്‍: രാജന്‍, ഗംഗാധരന്‍, നിഷ. സിന്ധുവാണ് സുബ്രഹ്മണ്യന്റെ ഭാര്യ. മക്കള്‍: നിഷാന്ത്, നിസ്‌ലിന്‍, ജിഷ്ണു, നീരജ്. ജോണ്‍ മോഹന്‍ദാസിന്റെ ഭാര്യ ശോഭ. മക്കള്‍: മാര്‍ഷല്‍ ഡിയോ, റീഗല്‍ ഷാനിയ. ചാത്തുക്കുട്ടിയുടെ ഭാര്യ കൗസല്യ.