Monday, December 28, 2009

മദ്യപാനം വനിതകള്‍ രംഗത്തിറങ്ങണം -രാഷ്ട്രപതി

Tuesday, December 29, 2009
കൊച്ചി: സമൂഹത്തെ മാരകമായി ഗ്രസിച്ച തിന്മകള്‍ക്കെതിരെ വനിതകള്‍ രംഗത്തിറങ്ങണമെന്ന് രാഷ്ട്രപതി പ്രതിഭാ ദേവിസിങ് പാട്ടീല്‍.
സമൂഹത്തില്‍ വര്‍ധിച്ചുവരുന്ന മദ്യപാനാസക്തി ഏറ്റവുമധികം ദുരിതത്തിലാക്കുന്നത് സ്ത്രീകളെയാണ്. ഈ സാഹചര്യത്തില്‍ ഇതിനെതിരെ സ്ത്രീകളാണ് രംഗത്തിറണ്ടേത്. കൊച്ചിയില്‍ വനിതാ അഭിഭാഷക ഫെഡറേഷന്റെ അഖിലേന്ത്യാ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു രാഷ്പ്രതി.
മദ്യപാനം മാത്രമല്ല, ശൈശവ വിവാഹം, പെണ്‍ ഭ്രൂണഹത്യ, ശിശുഹത്യ, സ്ത്രീധനം, മയക്കുമരുന്ന് തുടങ്ങിയ തിന്മകളെല്ലാം സമൂഹ പുരോഗതിയെ പിന്നോട്ട് വലിക്കുന്നവയാണ്. സ്ത്രീ സമൂഹവും യുവാക്കളുമാണ് ഇവക്കെതിരെ രംഗത്തിറങ്ങേണ്ടത്. എങ്കിലേ സമൂഹത്തില്‍ മാറ്റങ്ങളുണ്ടാകൂ. സ്ത്രീകളുടെ അവകാശത്തിന് വേണ്ടിയുള്ള പോരാട്ടം പുരുഷന്മാര്‍ക്ക് എതിരായി മാറരുതെന്നും രാഷ്ട്രപതി പറഞ്ഞു.

കേരളത്തിലെ സ്ത്രീകള്‍ എന്നും മുന്‍നിരയില്‍ നില്‍ക്കുന്നവരാണ്. ആദ്യ ഹൈ കോടതി വനിതാ ജഡ്ജി അന്നാ ചാണ്ടിയും ആദ്യ സുപ്രീംകോടതി വനിതാ ജഡ്ജി ഫാത്തിമാ ബീവിയും കേരളത്തില്‍ നിന്നായിരുന്നു എന്നത് യാദൃച്ഛികമല്ല. കേരളത്തിലെ ജനസംഖ്യയില്‍ 51 ശതമാനവും വനിതകളാണ്. കേരളത്തിലെ സ്ത്രീ സാക്ഷരതാ നിരക്ക് 88 ശതമാനമാണ്. രാജ്യത്തുതന്നെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. അതുകൊണ്ടുതന്നെ മാറ്റത്തിന് ചുക്കാന്‍പിടിക്കാനും കേരള വനിതകള്‍ക്കാവും. സ്ത്രീകളുടെയിടയില്‍ നിയമ സാക്ഷരത വര്‍ധിപ്പിക്കാന്‍ വനിതാ അഭിഭാഷകര്‍ രംഗത്തിറങ്ങണമെന്നും രാഷ്ട്രപതി ആവശ്യപ്പെട്ടു.
രാജ്യത്തെ നിയമവ്യവസ്ഥ കൂടുതല്‍ ലളിതവും സുതാര്യവും ഫലപ്രദവുമാക്കാന്‍ ഇനിയും ശ്രമങ്ങള്‍ ആവശ്യമാണ്. ചില നിയമങ്ങളെങ്കിലും കാലഹരണപ്പെട്ടവയാണ്. അവ പരിഷ്കരിക്കേണ്ടതുണ്ട്. നീതി ലഭിക്കുന്നതിനുള്ള കാലതാമസവും ഒഴിവാക്കണം. വിവര സാങ്കേതിക വിദ്യാ രംഗത്തെ കുതിച്ചുചാട്ടം നീതി എളുപ്പം ലഭ്യമാക്കുന്നതിന് ഉപയോഗപ്പെടുത്തണം.

നിയമ വ്യവസ്ഥയിലെ ചെലവ് വര്‍ധന സാധാരണക്കാര്‍ക്ക് നീതി ലഭിക്കുന്നതിന് തടസ്സമാവരുത്.കോടതി ഫീസും വക്കീല്‍ ഫീസുമെല്ലാം സാധാരണക്കാര്‍ക്ക് താങ്ങാവുന്നതാകണം. സൌജന്യ നിയമസഹായം നല്‍കുന്ന ലീഗല്‍ സര്‍വീസ് അതോറിറ്റിയുടെ പ്രവര്‍ത്തനം വ്യാപിപ്പിക്കണം. ഇതുമായി സഹകരിക്കുന്നതിന് വനിതാ അഭിഭാഷകര്‍ സമയം കണ്ടെത്തണം. വനിതകള്‍ക്ക് എതിരായ അതിക്രമങ്ങള്‍ തടയുന്നതിന് ജുഡീഷ്യല്‍ ഉദ്യോഗസ്ഥര്‍ക്ക് പരിശീലനം നല്‍കണമെന്നും അവര്‍ അഭിപ്രായപ്പെട്ടു.
സമ്മേളനത്തോടനുബന്ധിച്ച സുവനീര്‍ രാഷ്ട്രപതിക്ക് നല്‍കി ഗവര്‍ണര്‍ ആര്‍.എസ്. ഗവായ് പ്രകാശനം ചെയ്തു.
സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ രാഷ്ട്ര പുരോഗതിയെത്തന്നെ തടയുന്നതാണെന്ന് സമ്മേളനത്തെ അഭിസംബോധന ചെയ്ത സുപ്രീംകോടതി ചീഫ് ജസ്റ്റിസ് കെ.ജി . ബാലകൃഷ്ണന്‍ അഭിപ്രായപ്പെട്ടു. കേരളത്തില്‍ സ്ത്രീകളുടെ അവസ്ഥ മെച്ചമാണെങ്കിലും തൊഴില്‍ സ്ഥലങ്ങളിലെയും മറ്റും അവകാശ ലംഘനങ്ങള്‍ തടയുന്നതിന് കൂടുതല്‍ ജാഗ്രത ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.

ശൈശവത്തിലും യൌവനത്തിലും വാര്‍ധക്യത്തിലും സ്ത്രീകളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതാണ് ഇന്ത്യന്‍ സംസ്കാരമെങ്കിലും അവസ്ഥ മാറിവരികയാണെന്ന് ഹൈ കോടതി ചീഫ് ജസ്റ്റിസ് എസ്.ആര്‍. ബന്നൂര്‍ മഠ് അഭിപ്രായപ്പെട്ടു.
വനിതാ അഭിഭാഷക ഫെഡറേഷന്‍ അഖിലേന്ത്യാ പ്രസിഡന്റ് വി.പി. സീമന്തിനി സമ്മേളനത്തില്‍ അധ്യക്ഷത വഹിച്ചു. മന്ത്രിമാരായ പി.കെ. ശ്രീമതി, ജോസ് തെറ്റയില്‍, റിട്ട. ജസ്റ്റിസുമാരായ വി.ആര്‍. കൃഷ്ണയ്യര്‍,ഫാത്തിമ ബീവി, ജസ്റ്റിസ് കെ.എസ്. രാധാകൃഷ്ണന്‍, ഹൈ കോടതി ജഡ്ജിമാര്‍, മുതിര്‍ന്ന അഭിഭാഷകര്‍ തുടങ്ങിയവര്‍ ഉദ്ഘാടന സമ്മേളനത്തില്‍ സംബന്ധിച്ചു.
ഫെഡറേഷന്‍ കേരള പ്രസിഡന്റ് സുമതി ദണ്ഡപാണി സ്വാഗതവും അഖിലേന്ത്യാ സെക്രട്ടറി കെ. ശാന്തകുമാരി നന്ദിയുംപറഞ്ഞു.
വിവിധ സംസ്ഥാനങ്ങളില്‍ നിന്നും ഇറ്റലി, ആസ്ത്രേലിയ എന്നീ രാജ്യങ്ങളില്‍ നിന്നുമുള്ള പ്രതിനിധികള്‍ സമ്മേളനത്തില്‍ പങ്കെടുക്കുന്നുണ്ട്.
ദ്വിദിന സമ്മേളനത്തിന്റെ ഭാഗമായി സെമിനാറുകളും സംഘടിപ്പിക്കുന്നുണ്ട്.