Sunday, July 18, 2010

മദ്യലഹരിയില്‍ സി.ആര്‍.പി.എഫ് ജവാന്‍ ആറു സഹപ്രവര്‍ത്തകരെ വെടിവെച്ചു കൊന്നു


Saturday, July 17, 2010
റാഞ്ചി:മദ്യപിച്ചെത്തിയ സി.ആര്‍.പി.എഫ് ജവാന്‍ ഒരു ഓഫിസറടക്കം ആറു സഹപ്രവര്‍ത്തകരെ വെടിവെച്ചു കൊന്നു. കൂടുതല്‍ പേര്‍ക്ക് നേരെ വെടിവെക്കുന്നതിനുമുമ്പ് ഇയാളെ സി.ആര്‍.പി.എഫ് അധികൃതര്‍ തന്നെ വെടിവെച്ചു കൊന്നു. ഝാര്‍ഖണ്ഡിലെ സരായികേല ജില്ലയിലാണ് സംഭവം.
സി.ആര്‍.പി.എഫ് 196 ബറ്റാലിയനിലെ കോണ്‍സ്റ്റബിള്‍ ഹര്‍പീന്ദര്‍ സിങ്ങാണ് സഹപ്രവര്‍ത്തകരെ വെടിവെച്ച് കൊന്നത്. മദ്യപിച്ച് ജോലിക്കെത്തുന്നതിനെതിരെ ഇയാള്‍ക്ക് മേലുദ്യോഗസ്ഥര്‍ താക്കീത് നല്‍കിയിരുന്നു.
കഴിഞ്ഞദിവസം രാത്രി കച്ചായി ഗ്രാമത്തില്‍ സെന്‍ട്രി ഡ്യൂട്ടിയിലായിരിക്കുമ്പോഴാണ് സിങ് എ.കെ 47 തോക്കുകൊണ്ട് സഹപ്രവര്‍ത്തകര്‍ക്കുനേരെ നിറയൊഴിച്ചത്. അസിസ്റ്റന്റ് കമാന്‍ഡന്റ് ബികോ സിങ്, ഹെഡ് കോണ്‍സ്റ്റബ്ള്‍മാരായ എം.സി. പാട്ടില്‍, ഐ.ആര്‍. ഖൈര്‍നാര്‍, പി.ടി. റാവു, ജാതവ്ഭവ്‌സിങ്, വിജയ്കുമാര്‍ എന്നിവരാണ് കൊല്ലപ്പെട്ടത്.
സംഭവത്തെ തുടര്‍ന്ന് ന്യൂദല്‍ഹിയിലെ സി.ആര്‍.പി.എഫ് ആസ്ഥാനത്തുനിന്ന് അഡീഷനല്‍ ഡയറക്ടര്‍ ജനറല്‍ ജെ.സി. ദബാസ് സ്ഥലത്തെത്തി.
ക്യാമ്പിലെ മെസില്‍ ഭക്ഷണം പാഴാക്കി കളയുന്നത് സംബന്ധിച്ചുണ്ടായ തര്‍ക്കമാണ് കൂട്ടക്കൊലക്ക് വഴിയൊഴുക്കിയതെന്ന് സൂചനയുണ്ട്. മെസിന്റെ ചുമതലയുള്ള ഹര്‍പീന്ദര്‍ സിങ് മറ്റുള്ളവരുമായി വഴക്കിട്ടതാണത്രെ തുടക്കം. പ്രശ്‌നം പരിഹരിക്കുന്നതിന് എല്ലാവരെയും അസിസ്റ്റന്റ് കമാന്‍ഡന്റ് ബികോസിങ് ടെന്റിലേക്ക് വിളിപ്പിച്ചു. ഹര്‍പീന്ദര്‍ മദ്യപിച്ചിട്ടുണ്ടെന്ന് കണ്ടതിനെ തുടര്‍ന്ന് ബികോ ഇയാളെ മെഡിക്കല്‍ പരിശോധന നടത്താന്‍ ഉത്തരവിട്ടു. കുപിതനായ സിങ് അടുത്തുകണ്ട തോക്കെടുത്ത് വെടിയുതിര്‍ക്കുകയായിരുന്നു.
തോക്ക് താഴെയിടീക്കാനുള്ള ശ്രമങ്ങള്‍ പരാജയപ്പെട്ടതിനെ തുടര്‍ന്ന് മറ്റ് ജവാന്മാര്‍ ഹര്‍പീന്ദറിനെ വെടിവെച്ചു.

1 comment:

കുസുമം ആര്‍ പുന്നപ്ര said...

നമ്മുടെ ഖജനാവിന് കോടികള്‍
വരുമാനം ഉണ്ടാക്കുന്നില്ലേ. സ്റ്റാറ്റസ് സിംമ്പല്‍