Monday, July 5, 2010

പൊതുസ്ഥലത്തെ മദ്യപാനത്തിനെതിരെ കര്‍ശനനടപടി- മന്ത്രി

തിരുവനന്തപുരം: പൊതുസ്ഥലങ്ങളിലും വാഹനങ്ങളിലുമിരുന്ന് മദ്യപിക്കുന്നവര്‍ക്കെതിരെ കര്‍ശനനടപടിസ്വീകരിക്കുമെന്ന് മന്ത്രി പി.കെ.ഗുരുദാസന്‍ നിയമസഭയെ അറിയിച്ചു. ജെ.ലളിതാംബിക കമീഷന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഇതിനായി നിയമനിര്‍മാണം നടത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. എട്ടു ജില്ലകളില്‍ ജില്ലാ ആശുപത്രികളുമായി ബന്ധപ്പെട്ടു ഡി-അഡിക്ഷന്‍ സെന്ററുകള്‍ ആരംഭിക്കാന്‍ നടപടിസ്വീകരിച്ചിട്ടുണ്ട്. സര്‍ക്കാര്‍ 136 ബാറുകള്‍ പുതുതായി അനുവദിച്ചതായി എം.ചന്ദ്രനെ മന്ത്രി അറിയിച്ചു. എക്‌സൈസ് പ്രിവന്റീവ് ഓഫിസര്‍മാരുടെ 158 ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ഥികളെ പി.എസ്.സി ശിപാര്‍ശ ചെയ്തതായി കെ.കെ.ദിവാകരനെ അറിയിച്ചു. 95 ഒഴിവുകളാണു നിലവിലുള്ളത്. ഹൈകോടതിയില്‍ സ്‌റ്റേ നിലനില്‍ക്കുന്നതിനാലും പരിശീലന സൗകര്യം ഇല്ലാത്തതിനാലുമാണ് നിയമനം വൈകുന്നത്.മദ്യ ഷാപ്പുകള്‍ക്കെതിരേ ജനങ്ങളുടെ പ്രതിഷേധം ഉയരുന്ന സ്ഥലങ്ങളില്‍ പ്രശ്‌നം പരിഹരിക്കാന്‍ ജില്ലാകലക്ടര്‍മാരെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ബിവറേജസ് കോര്‍പറേഷന്‍ ഔട്ട്‌ലെറ്റുകള്‍ വഴിയുള്ള മദ്യവില്‍പന വര്‍ധിച്ചതാണു വ്യാജമദ്യത്തിന്റെ ഒഴുക്ക് കുറയാന്‍ കാരണമെന്നും മദ്യലഭ്യത കുറയ്ക്കുന്നത് വ്യാജമദ്യ വില്‍പന വര്‍ധിപ്പിക്കാനേ സഹായിക്കൂെവന്നും മന്ത്രി പറഞ്ഞു.മദ്യക്കോള കച്ചവടം അനുവദിക്കില്ല. പാന്‍പരാഗ് പോലുള്ള ലഹരി വസ്തു വില്‍പനക്കെതിരേ കേസ് രജിസ്റ്റര്‍ ചെയ്യാന്‍ വകുപ്പില്ല. 'വൈകിട്ട് എന്താ പരിപാടി' പോലുള്ള പരസ്യങ്ങള്‍ നിരോധിക്കാന്‍ നടപടി സ്വീകരിച്ചതായും പ്രഫ.എന്‍.ജയരാജ് ,ജോസഫ് എം.പുതുശ്ശേരി, എ.പ്രദീപ്കുമാര്‍,തോമസ് ഉണ്ണിയാടന്‍,ബാബു എം.പാലിശ്ശേരി, അബ്ദുറഹ്മാന്‍ രണ്ടത്താണി,മഞ്ഞളാംകുഴി അലി,വര്‍ക്കല കഹാര്‍, എന്‍.അനിരുദ്ധന്‍, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, തേറമ്പില്‍ രാമകൃഷ്ണന്‍,സാജുപോള്‍ ,കെ.സി.ജോസഫ് എന്നിവരെ മന്ത്രി അറിയിച്ചു.

1 comment:

മുഹമ്മദ്‌ സഗീർ പണ്ടാരത്തിൽ said...

ആറിയിച്ചാല്‍ മാത്രം പോരാ നടപടിയും വേണം