Monday, June 14, 2010

കേരളത്തിലെ ലഹരി ഉപഭോഗം ദേശീയ ശരാശരിയേക്കാള്‍ മൂന്നിരട്ടി

തിരുവനന്തപുരം: കേരളത്തിലെ ലഹരി ഉപഭോഗം ദേശീയ ശരാശരിയെക്കാള്‍ മൂന്ന് ഇരട്ടിയാണെന്ന് 2007-08ലെ ദേശീയ സാമ്പിള്‍ സര്‍വേ. കേരളത്തിലെ നഗരത്തില്‍ ഒരാള്‍ ഒരുമാസം 19 രൂപയും ഗ്രാമത്തില്‍ 17 രൂപയും ലഹരിക്കായി ചെലവിടുമ്പോള്‍ രാജ്യത്തെ മറ്റിടങ്ങളില്‍ ഇത് യഥാക്രമം ഏഴ് രൂപയും ആറ് രൂപയുമാണ്. പുകയില ഒഴിച്ചുള്ള ലഹരി വസ്തുക്കളുടെ ഉപഭോഗമാണിത്. 95 ശതമാനവും മദ്യ ഉപഭോഗമാണ് രേഖപ്പെടുത്തപ്പെട്ടത്. പുകയില ഉപയോഗത്തില്‍ ഇന്ത്യയിലെ നഗരത്തിലെയും ഗ്രാമത്തിലെയും ശരാശരി 9.9 രൂപയാണെങ്കില്‍ കേരളത്തിലെ നഗരത്തില്‍ ഒരാള്‍ ഒരുമാസം 18.5 രൂപയും ഗ്രാമത്തില്‍ 14.5 രൂപയും പുകയിലക്കായി ചെലവിടുന്നു. ലഹരി വസ്തുക്കളുടെ ഉപയോഗത്തെക്കുറിച്ച് വെളിപ്പെടുത്താന്‍ വ്യക്തികളും കുടുംബങ്ങളും പൊതുവെ വിസ്സമ്മതം പ്രകടിപ്പിക്കുന്നതിനാല്‍ ലഭിച്ച കണക്കുകളെക്കാള്‍ എത്രയോ ഇരട്ടിയാകും കേരളത്തിലെ ഉപഭോഗമെന്ന് ദേശീയ സര്‍വേ ഡെപ്യൂട്ടി ഡയറക്ടര്‍ ജനറല്‍ സി.ആര്‍.കെ. നായര്‍ വ്യക്തമാക്കി.

2007-08ല്‍ കുടുംബ ഉപഭോഗ ചെലവ്, തൊഴിലും തൊഴിലില്ലായ്മയും, വിദ്യാഭ്യാസം എന്നീ വിഷയങ്ങള്‍ക്ക് ഊന്നല്‍ നല്‍കിയാണ് സര്‍വേ നടത്തിയത്. സര്‍വേ വര്‍ഷം 2005-06 നെക്കാള്‍ തൊഴിലില്ലായ്മ കുറഞ്ഞതായാണ് വ്യക്തമായത്. 2007ല്‍ തൊഴിലില്ലായ്മയുടെ നിരക്ക് 12 ശതമാനമായിരുന്നെങ്കില്‍ 2007ല്‍ 9.8 ശതമാനമായി കുറഞ്ഞു. അതേസമയം, നഗരത്തില്‍ പുരുഷന്മാരുടെ തൊഴിലില്ലായ്മ 4.1 ശതമാനത്തില്‍നിന്ന് 5.9 ശതമാനമായി വര്‍ധിച്ചു. നഗരത്തില്‍ സ്ത്രീകളുടെ തൊഴിലില്ലായ്മ 33 ശതമാനത്തില്‍നിന്ന് 26.9 ശതമാനമായി കുറഞ്ഞു. നഗരത്തില്‍ പുരുഷന്മാരുടെ സ്വയംതൊഴില്‍ ഇന്ത്യയിലെ മറ്റ് നഗരങ്ങളെക്കാള്‍ കുറഞ്ഞപ്പോള്‍ സ്ത്രീകളുടേത് കൂടി. ഗ്രാമങ്ങളില്‍ തൊഴിലില്ലായ്മയുടെ തോത് കുറഞ്ഞു.

കുടുംബങ്ങളുടെ അംഗസംഖ്യയുടെ കാര്യത്തില്‍ ആന്ധ്രയുടെയും തമിഴ്‌നാടിന്റെയും പിന്നില്‍ മൂന്നാം സ്ഥാനത്താണ് കേരളം. പ്രതിശീര്‍ഷ ചെലവിന്റെ കാര്യത്തില്‍ ഇന്ത്യയിലെ നഗരങ്ങളുമായാണ് കേരളത്തിലെ ഗ്രാമങ്ങള്‍ മല്‍സരിക്കുന്നത്. കേരളത്തിലെ ഗ്രാമത്തില്‍ ഒരാള്‍ക്ക് ഒരുമാസം 1383 രൂപയാണ് ഉപഭോഗ ചെലവെങ്കില്‍ ഇന്ത്യയിലെ ഗ്രാമത്തില്‍ അത് 722 രൂപ മാത്രമാണ്. കേരളത്തിലെ നഗരത്തില്‍ ഒരാളുടെ ചെലവ് 1948 രൂപയാണെങ്കില്‍ ഇന്ത്യയിലെ നഗരത്തില്‍ അത് 1772 രൂപയാണ്. അതേസമയം, ഭക്ഷണ ഉപഭോഗത്തിന്റെ ചെലവ് കേരളത്തില്‍ മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് കുറവാണെന്ന് സര്‍വേ പറയുന്നു.
വിദ്യാഭ്യാസ ചെലവ് കൂടുതല്‍ ദല്‍ഹിയും പഞ്ചാബും മണിപ്പൂരും കഴിഞ്ഞാല്‍ കേരളത്തിലാണ്. ദേശീയ ശരാശരിയുടെ ഇരട്ടിയോളമാണ് കേരളത്തിലെ വിദ്യാഭ്യാസ ചെലവ്. എന്നാല്‍, സാങ്കേതിക വിദ്യാഭ്യാസ ചെലവ് ദേശീയ ശരാശരിയെക്കാള്‍ കേരളത്തില്‍ 20 ശതമാനം കുറവാണ്.

2008-09ല്‍ കാര്‍ഷികേതര സംരംഭങ്ങള്‍, വ്യവസായം, സേവനമേഖല എന്നിവ കേന്ദ്രീകരിച്ചാണ് സര്‍വേ നടത്തുക. ജൂലൈ ഒന്നിന് തുടങ്ങുന്ന സര്‍വേ 2011 ജൂണ്‍ 30ന് സമാപിക്കും. വ്യക്തിപരവും കുടുംബപരവുമായ വിവരങ്ങളുടെ രഹസ്യ സ്വഭാവം കാത്ത് സൂക്ഷിക്കുമെന്നതിനാല്‍ എല്ലാവരും സര്‍വേയുമായി സഹകരിക്കണമെന്ന് ഡെപ്യൂട്ടി ഡയറക്ടര്‍ ജനറല്‍ അഭ്യര്‍ഥിച്ചു.
ഉദ്യോഗസ്ഥരുടെ തിരിച്ചറിയല്‍ കാര്‍ഡ് ആര്‍ക്കും ആവശ്യപ്പെടാമെന്നും കാണിക്കാന്‍ അവര്‍ ബാധ്യസ്ഥരാണെന്നും അദ്ദേഹം അറിയിച്ചു.

No comments: