Friday, April 2, 2010

കഴിഞ്ഞ സാമ്പത്തിക വര്‍ഷം വിറ്റത് 5000 കോടിയുടെ വിദേശമദ്യം!

കഴിഞ്ഞ സാമ്പത്തിക വര്‍ഷം വിറ്റത് 5000 കോടിയുടെ വിദേശമദ്യം!
തിരുവനന്തപുരം: മാര്‍ച്ച് 31ന് അവസാനിച്ച സാമ്പത്തികവര്‍ഷം അയ്യായിരം കോടിയിലധികം രൂപയുടെ വിദേശമദ്യം സംസ്ഥാന ബിവറേജസ് കോര്‍പറേഷന്‍ മദ്യവില്‍പനശാലകളിലൂടെ വിറ്റഴിച്ചു. ഇത് സര്‍വകാല റെക്കോഡാണ്. കേരളത്തിലെ വിദ്യാര്‍ഥികളും സ്ത്രീകളും ഉള്‍പ്പെട്ട ഒരുവിഭാഗവും മദ്യഉപഭോഗത്തിലേക്ക് നീങ്ങുകയാണെന്നാണ് കാര്യങ്ങള്‍ വ്യക്തമാക്കുന്നത്.

കഴിഞ്ഞ പത്ത്വര്‍ഷത്തെ കണക്ക് പരിശോധിച്ചാല്‍ ബിവറേജസ് കോര്‍പറേഷന്‍ മുഖേനയുള്ള മദ്യവില്‍പനയില്‍ സാരമായ വര്‍ധനയാണ് പ്രകടമാകുന്നത്. ഇതിന് പുറമെയാണ് കള്ള്, വ്യാജമദ്യം എന്നിവയുടെ ഉപഭോഗം. ചാരായ നിരോധത്തിന് ശേഷം വിദേശമദ്യവില്‍പനയില്‍ കാര്യമായ വര്‍ധനയുണ്ടായതായി കണക്കുകള്‍ വ്യക്തമാക്കുന്നു. 2000^01 വര്‍ഷത്തില്‍ ബെവ്കോ മുഖേനയുള്ള മദ്യവില്‍പന 1338.26 കോടി രൂപയായിരുന്നെങ്കില്‍ കഴിഞ്ഞ ഏപ്രില്‍ മുതല്‍ ഫെബ്രുവരി വരെയുള്ള കണക്ക് പ്രകാരം 4988.97 കോടിയുടെ വിദേശമദ്യമാണ് ഈ ഔട്ട്ലെറ്റുകള്‍ വഴി വിറ്റഴിച്ചത്. 2001^'02 ല്‍ 1694.91 കോടി, '02^'03 ല്‍ 1847.20, '03^'04 ല്‍ 2071.32, '04^'05 ല്‍ 2320.15, '05^'06 ല്‍ 2635.81, '06^'07 ല്‍ 3143.29, '07^'08 ല്‍ 3669.49, '08^'09 ല്‍ 4630.57 കോടി എന്നിങ്ങനെയാണ് മദ്യവില്‍പനയുടെ കണക്ക്.

മദ്യം മലയാളിയുടെ ജീവിതത്തിന്റെ ഭാഗമായി മാറിയിരിക്കുന്നുവെന്ന പഠനങ്ങളാണ് പുറത്തുവരുന്നത്. വിവിധ സംഘടനകള്‍ വിദ്യാര്‍ഥികള്‍ക്കിടയില്‍ നടത്തിയ സര്‍വേയില്‍ ഹൈസ്കൂള്‍ മുതല്‍ പ്ലസ് ടു വരെയുള്ള ക്ലാസുകളിലെ കുട്ടികളില്‍ മദ്യത്തിന്റെ ഉപഭോഗം വര്‍ധിക്കുന്നതായാണ് കണ്ടെത്തിയിട്ടുള്ളത്. ബിയര്‍ പോലുള്ള പാനീയങ്ങളില്‍ തുടങ്ങി മദ്യത്തിലേക്ക് തിരിയുന്ന പൊതുസ്വഭാവം വളര്‍ന്നുവരുന്നതായും പഠനങ്ങള്‍ സൂചിപ്പിക്കുന്നു.

1 comment:

മുഹമ്മദ്‌ സഗീർ പണ്ടാരത്തിൽ said...

"കഴിഞ്ഞ സാമ്പത്തിക വര്‍ഷം വിറ്റത് 5000 കോടിയുടെ വിദേശമദ്യം!"ഇങ്ങിനെ പോയാല്‍ എന്താകും കേരളത്തിന്റെ അവസ്ഥ!!!.