Friday, May 29, 2009

മദ്യപാനവും കുടുംബവും

മദ്യപാനവും കുടുംബവും
സമൂഹത്തിന്റെ ഏറ്റവും വലിയ ഘടകമായ കുടുംബത്തിലാണു മനുഷ്യജീവിതം ആരംഭിക്കുന്നതും വളരുന്നതും പൂര്ണ്ണത പ്രാപിക്കുന്നതും. പരിവര്ത്തന വിധേയമായികൊണ്ടിരിക്കുന്ന ഒരു സ്ഥാപനമാണു കുടുംബം. കുടുംബജീവിതത്തിന്റെ ഘടനയിലും സാമൂഹ്യ ജീവിതത്തിലും അനുദിനം മാറ്റം സം ഭവിച്ചുകൊണ്ടിരിക്കുകയാണ്. വൈവാഹിക ബന്ധങ്ങളിലും, കുടുംബബന്ധങ്ങളിലും മാറ്റത്തിന്റെ അലയടികള് കണ്ടു തുടങ്ങിയിരിക്കുന്നു. പഴയ കൂട്ടുകുടുംബങ്ങള് ഇന്നു അണുകുടുംബങ്ങള്ക്കു വഴിമാറി കൊടുത്തിരിക്കുന്നു കുടുംബജീവിതത്തില് ഇന്നു നാം കാണുന്ന വിള്ളലുകളുടെ ഒരു കാരണം കൂട്ടുകുടുംബ സംവിധനത്തിന്റെതിരോധാനമാണ്. അണുകുടുംബങ്ങളില്കൂട്ടുകുടുംബങ്ങളെ അപേക്ഷിച്ച് സ്വാര്ത്ഥതയുടെ കരിനിഴല് കൂടുതലാണ്. ആശയവിനിമയവും ജീവിതം പങ്കുവക്കലും കുറഞ്ഞു വരുന്ന ഇത്തരം കുടുംബങ്ങളില് ഏകാന്തത തളം കെട്ടുന്നു. പണ്ടു മനുഷ്യന് ചെറിയ വീടുകളില് വലിയ മനസ്സുമായി ജീവിച്ചിരുന്നെങ്കില് ഇന്നവര് വലിയ വീടുകളില് ചെറിയ മനസ്സുമായി ജീവിക്കുന്നു.


മാധ്യമങ്ങളുടെ അതിപ്രസരം നമ്മുടെ കുടുംബബന്ധങ്ങളെയും ബാധിച്ചു തുടങ്ങി. ടി. വി ശൃഖലകള് കുടുംബാംഗങ്ങള് തമ്മിലുള്ള ആശയവിനിമയം നാമമാത്രമാക്കുന്നു. ഒരു കൂരയ്ക്കു കീഴില് അന്യരെ പോലെ അവര് ജീവിക്കുന്നു.


ആഗോളവല്കരണവും കമ്പോളസംസ്കാരവുമെല്ലാം മനുഷ്യ ജീവിതത്തില് പിരിമുറക്കങ്ങലും സംഘര്ഷങ്ങളും വര്ദ്ധിപ്പിക്കുന്നു. ചിലര് പ്രശ്നങ്ങള് ധൈര്യമായി നേരിടുമ്പോള് മറ്റു ചിലര് വിഷാദ രോഗികളായി ആത്മഹത്യയില് പ്രശ്ന പരിഹാരം കണ്ടെത്തുന്നു. വേറെ ചിലര് ലഹരി ഉപയോഗം കൊണ്ട് പ്രശ്നങ്ങള്ക്ക് പരിഹാരം കണ്ടെത്താന് ശ്രമിക്കുന്നു.


ഇന്ന് നമ്മുടെ കുടുംബങ്ങളില് മദ്യ സമ്സ്കാരം വളര്ന്നുവരികയാണ്. മദ്യത്തിന്റെയും മറ്റു ലഹരി വസ്തുക്കളുടെയും പിടിയില്പെട്ട് തകരുന്ന വ്യക്തികളുടെയും കുടുംബങ്ങളുടെയും ദുരന്തങ്ങള് അനുദിനം കേള്ക്കുന്നു. ലക്ഷോപലക്ഷം കുടുംബങ്ങളെ തോരാത്ത കണ്ണീരിലേക്കും, നിത്യദാരിദ്ര്യ ത്തിലേക്കും, നരകജീവിതത്തിലേക്കും മദ്യപാനം തള്ളിവിട്ടു കൊണ്ടിരിക്കുകയാണ്. നമ്മുടെ സമൂഹത്തില് മദ്യം ഇന്നൊരു Status Symbol ആയി മാറിയിരിക്കുകയാണ്. ആഘോഷങ്ങള്ക്ക് കൊഴുപ്പു കൂട്ടുവാന് മദ്യം വിളമ്പേണ്ടത് അത്യാവശ്യമായി വന്നിരിക്കുകയാണ്. മരണത്തിന്റെയും വേര്പാടിന്റെയും വേദനയടക്കാനും മദ്യം വേണമത്രെ . മനുഷ്യ ജീവിതത്തിന്റെ എല്ലാ മണ്ഡലങ്ങളിലും മദ്യം സ്ഥാനം പിടിച്ചു കഴിഞ്ഞിരിക്കുന്നു.

മദ്യപാനം ഒരു രോഗമായി പ്രക്യാപിച്ചത് 1956 ല് അമേരിക്കന് മെഡിക്കല് അസോസിയേഷനാണ്. മദ്യം ഉപയോഗിക്കുന്ന എല്ലാവരും രോഗികലായി തീരുന്നില്ല. ചിലര് സാമൂഹിക കുടിയന്മാരായി തുടരുന്നു.


മദ്യപാനം ഒരു വ്യക്തിയുടെ മാത്രം രോഗമല്ല ഒരു കുടുംബത്തിന്റെ രോഗമാണ്. മദ്യപാനിയുടെ ഭാര്യക്ക് ശാരീരികമായും മാനസികമായും പീഡനങ്ങള് അനുഭവിക്കേണ്ടിവരുന്നു. മദ്യപാനത്തിന്റെ ആദ്യത്തെ ഘട്ടത്തില് ഭാര്യ തന്റെ ഭര്ത്താവിന്റെ മദ്യപാനം കാര്യമായി കണക്കാക്കുന്നില്ല എന്നു മാത്രമല്ല ഇങ്ങനെ ഒരു പ്രശ്നം കുടുംബത്തില് ഉണ്ടെന്നുള്ള വസ്തുത നിഷേധിക്കുന്നു. ഇത് ഭര്ത്താവിന്റെ മദ്യപാനം തുടരുവാനുള്ള പരോക്ഷമായ പ്രോത്സാഹനമാണു.
ഭര്ത്താവിന്റെ മദ്യപാനം മുന്നേറുന്നതോടു കൂടി ഭാര്യയുടെ പെരുമാറ്റങ്ങള്ക്കും മാറ്റങ്ങല് വന്നു തുടങ്ങുന്നു. കുടുംബനാഥന്റെ ഉത്തരവാദിത്വവും അവര് ഏറ്റുവാങ്ങേണ്ടി വരുന്നു. ആദ്യ ഘട്ടത്തില് ഭര്ത്തവിന്റെ കുടിയെ നിഷേധിച്ചു പറയുകയും നീതീകരിക്കുകയും ലഘൂകരിച്ചു പറയുകയും ചെയ്ത ഭാര്യ തന്റെ ഭര്ത്താവിനെ എതിര്ക്കാന് തുടങ്ങുന്നു. കുടുംബത്തില് പൊട്ടിത്തെറികളും കോളിളക്കങ്ങളും ഉണ്ടാകുന്നു. ഭര്ത്താവ് മദ്യപിച്ച് പ്രശ്നങ്ങള് ഉണ്ടാക്കുന്നു. ഭാര്യ മദ്യപിക്കാതെ അപമാനഭാരവും വിദ്ദ്വേഷവും വെറുപ്പും സഹിക്കാനാവാതെ ഭര്ത്താവും കുട്ടികളുമായി നിഷേധാത്മകമയി പെരുമാറുന്നു. ചിലര് ഭര്ത്താവിനെ ഉപേക്ഷിച്ച്കുട്ടികലുമായി സ്വന്തം കുടുംബത്തില് അഭയം തേടുന്നു. മറ്റു ചിലര് വിഷാദരോഗികളായി തീരുകയും ആത്മഹത്യ ചെയ്യുകയും ചെയ്യുന്നു.

മദ്യപാനിയുടെ കുട്ടികളും അച്ചന്റെ മദ്യപാനത്തിന്റെ ദുരന്തങ്ങള് അനുഭവിക്കേണ്ടി വരുന്നു. മാതാപിതാക്കളുടെ മദ്യപാന ശീലം കുട്ടികളുടെ വ്യക്തി വികാസത്തെ കാര്യമായി ബാധിക്കുന്നു. ശൈശവത്തിലെയോ ബാല്യകാലത്തിലെയോ സന്തോഷങ്ങള് അവര്ക്ക് അനുഭവിക്കാന് സാധിക്കാതെ വരുന്നു. വികലമായ് വ്യക്തിത്വമുള്ളവര്ക്കും ഭാവിയില് ലഹരിശീലത്തിന് അടിമയാകാം എന്നു ഗവേശണങ്ങളും പഠനങ്ങളും തെളിയിച്ചിട്ടുണ്ട്. മദ്യപാനം ഒരു പാരമ്പര്യ രോഗമാണ്. കുട്ടികള്ക്ക് ശരിയായ റോള് മോഡല് മദ്യപാനിയായ അഛന്മാരില്നിന്നു ലഭിക്കുന്നില്ല. മദ്യപാനിയുടെ കുടുംബത്തില് ഭാര്യയെ പോലെ തന്നെ മക്കളും മാനഹാനിയും മനഃക്ലേശവും അനുഭവിക്കേണ്ടി വരുന്നു. കാരണം അവര് തമ്മിലുള്ള ബന്ധങ്ങള്ക്ക് ഉലച്ചില് തട്ടിയിട്ടുണ്ടവാം. തമ്മില് അടുക്കാത്തവിധം അവര് അകന്നിട്ടുണ്ടാവം ജോലി നഷ്ടപ്പെട്ടിട്ടുണ്ടാവാം. കുട്ടികളുടെ പഠനം അവസാനിപ്പിച്ച് അവര് കൂലിവേലക്ക് പോയി തുടങ്ങിയിട്ടുണ്ടാവാം. മാത്രമല്ല മദ്യപരുടെ കുട്ടികള്ക്ക് സ്നേഹവും വത്സല്യവും കിട്ടാതെ വൈകാരിക മുരടിപ്പ് അനുഭവപ്പെടാം. ആരെയും സ്നേഹിക്കുവാനോ വിശ്വസിക്കുവാനോ അവര്ക്ക് കഴിയുന്നില്ല. മതാപിതാക്കളോടും അധികാരികളോടും പകയും പ്രതികാര മനോഭാവവുമാണു ഇവരില് രൂപപ്പെടുക. കുട്ടികള് കുടുംബത്തില് സംരക്ഷണം പ്രതീക്ഷിക്കുന്നു. എന്നാല് മദ്യപാനിയുടെ കുട്ടികല് കുടുംബത്തില് സ്വരക്ഷക്കുവേണ്ടി ചില ധര്മങ്ങള് അല്ലെങ്കില് Roles സ്വയം ഏറ്റെടുക്കുന്നു. ചില കുട്ടികള് ഉത്തരവാദിത്വമുള്ള കുട്ടിയുടെ (Responsible Child) റോള് ഏറ്റെടുക്കുന്നു. മാതാപിതാക്കള് ഉത്തരവാദിത്വത്തോടെ പെരുമാറി കാണുന്നില്ല. അതുകോണ്ടു തന്നെ കുട്ടി കുടുംബത്തിലെ പല കാര്യങ്ങളും സ്വയം ഏറ്റെടുത്തു ചെയ്യുന്നു. അങ്ങനെ അവന്റെ കുട്ടികാലത്തെ കുട്ടികളും കൂട്ടുകാരും അവനു നഷ്ടമാകുന്നു. എങ്കിലും കുടുംബത്തിലെ ഒരു ഹീരോ ആകാന് അവന് പരിശ്രമിക്കുന്നു.


മറ്റൊരു റോള് പൊരുത്തക്കാരന്റെ (Adjusting Child) താണ്. കുടുംബത്തില് പ്രശ്നങ്ങള് ഉണ്ടാകാതിരിക്കുവാന് മനസ്സില്ലാ മനസോടെ എല്ലാ സാഹചര്യങ്ങളോടും ഒത്തിണങ്ങി പോകാന് അവന് പരിശ്രമിക്കുന്നു.


ഇനിയും ഒരു കൂട്ടര് കുടുംബത്തില് പ്രസാദകരുടെ (Placating Child) റോള് അഭിനയിക്കുന്നു. സ്വയം വേദന സഹിച്ചു കൊണ്ടും കാര്യമാക്കാതെയും കുടുംബത്തിലെ മറ്റംഗങ്ങളെ ആശ്വസിപ്പിച്ചും സമാധാനിപ്പിച്ചും നടക്കും. കുടിയനായ അച്ചനെ പ്രീണിപ്പിച്ചും ഇത്തരം കുട്ടികള് കാര്യം കാണാന് ശ്രമിക്കും. ഉള്ളില് അവനു അഛനോടു ദേഷ്യമാണെങ്കിലും പുറമെ സ്നേഹവും ബഹുമാനവും പ്രകടിപ്പിക്കും.


അപകടകരമായ മറ്റൊരു ധര്മ്മം ഏറ്റെടുക്കുന്നവരാണ് ധിക്കരി(Rebellious Child) മനസ്സിലുള്ള വെറുപ്പും പ്രതികാരവും പ്രകടിപ്പിച്ച് വീട്ടില് പ്രശ്നങ്ങള് ഉണ്ടാക്കും. അങ്ങനെ നിഷേധാത്മകമായ വിധത്തില് കുടുംബംഗങ്ങളുടെ ശ്രദ്ധപിടിച്ചു പറ്റും. ഇക്കൂട്ടര് ഭാവിയില് കുറ്റവാളികളും സ്കൂളില് പ്രഷ്നമുണ്ടാക്കി വിദ്യഭ്യാസം പൂര്ത്തിയാക്കാന് കഴിയാത്തവരും അച്ചനെ പോലെ ലഹരിശീലത്തിനടിമപ്പെടുന്നവരുമാകാം. മദ്യപാനിയുടെ കുടുംബത്തിലെ ആര്കും ആരെയും വിശ്വാസമില്ല. ആര്ക്കും മിണ്ടാന് പാടില്ല, സ്നേഹം പ്രകടിപ്പിക്കാന് പാടില്ല എന്നീ തലയിലെഴുത്തുകള് കുടുംബബന്ധങ്ങളെ തകര്ക്കും.


ഇങ്ങനെ കുടുംബാന്തരീക്ഷം വിരസമാകുമ്പോഴാണ് മൂകസാക്ഷികളായ കുട്ടികള് റോളുകള് അഭിനയിച്ചു തുടങ്ങുന്നത്. ജീവിതം മുഴുവന് അഭിനയമയാല് മക്കളുടെ വ്യക്തിത്വം മുരടിക്കും.


കുടുംബ ത്തെ മുഴുവന് ബാധിക്കുന്ന മദ്യപാനരോഗത്തിന് ചികിത്സയുണ്ട്. പൂര്ണ്ണമായ സൌഖ്യം സാധ്യമല്ലെങ്കിലും ഇത് തടഞ്ഞുവക്കുന്ന രോഗമാണ്. മാറ്റം വരുത്തുവാനുള്ള തീരുമാനവും തെരഞ്ഞെടുപ്പും ഉണ്ടെങ്കില് മാത്രമേ ഒരു മദ്യപാനിയെ ചികിത്സിച്ച് രക്ഷപ്പെടുത്തുവാന് സാധിക്കുകയുള്ളു. സകുടുംബ് ചികിത്സയിലൂടെ മത്രമേ മദ്യപനു മൊചനം ലഭിക്കുകയുള്ളു. അതുപോലെ തന്നെ ഭാര്യയും മക്കളും കൌണ്സിലിങ്ങില് കിട്ടുന്ന ഉള്കാഴിച്ചകളിലൂടെ ജീവിതം ക്രമീകരിക്കുവാന്, വികലമായ പെരുമാറ്റ രീതികള് മാറ്റിയെടുക്കുവാനും പഠിക്കുന്നു. മദ്യപാനത്തില് നിന്നും മദ്യപനു ലഭിച്ച താല്കാലിക മാനസികലാഭം ലഹരിയില് നിന്നല്ലാതെ കുടുംബത്തില് നിന്നും സമൂഹത്തില് നിന്നും നേടിയെടുത്ത് ജീവിതം സന്തോഷപ്രധമാക്കി തീര്ക്കാന് മദ്യപന് ശ്രമിക്കണം. ചികിത്സകൊണ്ട് ഉദ്ദേശിക്കുന്നത് കേവലം ലഹരിയുടെ ഉപയോഗം നിര്ത്തുക മാത്രമല്ല ചൈതന്യധന്യമായ പുതിയ ജീവിതശൈലിയിലേക്ക്. സമഗ്രമായ ജീവിത ദര്ശനത്തിലേക്ക് വ്യക്തിയേയും കുടുംബത്തെയും കൊണ്ടു വരിക എന്നുള്ളതാണ്. ഇതിന് മരുന്നും മാനസിക ചികിത്സയും ആദ്ധ്യാത്മക പരിവര്ത്തനവും അനുപേക്ഷീയമാ. ചികിത്സ കഴിഞ്ഞാലും വ്യക്തി ഒരു പുത്തന് ജീവിതശൈലി ഉണ്ടാകിയെടുത്ത് ജീവിതം കരുപിടിപ്പിച്ചില്ലെങ്കില്, അവന് മദ്യാപാനത്തിലേക്ക് വീണ്ടും തിരിച്ചു പോകും. പുനഃപതനം തടയാന് കുടുംബത്തിന്റെയും സമൂഹത്തിന്റെയും സഹായം കൂടി മദ്യപന് ലഭിച്ചേ തീരൂ.


നമ്മുടെ സമൂഹം മദ്യമുക്തമാകണമെങ്കില് കുടുംബത്തില് നിന്ന് ജീവിതം പ്രശ്നങ്ങള് നേരിടാമെന്നും, കുടുംബ ജീവിതം വളരാനും വളര് ത്തുവനും ഉള്ളതാണെന്നും ജീവിതം വിലപ്പെട്ടതാണെന്നും ഉള്ള ഉയര്ന്ന ചിന്തകളും മൂല്യങ്ങളും മതാപിതാക്കളുടെ ജീവിത മാതൃകയിലൂടെ മക്കള്ക്ക് പിഠിപ്പിച്ച് കൊടുത്താല് ഭാവി തലമുറയെ ലഹരിയുടെ നീരാളിപിടിത്തത്തില് നിന്നും രക്ഷപ്പെടുത്തി സമൂഹത്തില് സന്തുഷ്ട കുടുംബങ്ങള്ക്ക് രൂപം കൊടുക്കുവാന് സാധിക്കും.


സി. മൌറില്ല

No comments: