Thursday, March 11, 2010

മദ്യക്കോള: സര്‍ക്കാര്‍ പൂര്‍ണമായും പിന്‍വാങ്ങിയിട്ടില്ല


തൃശൂര്‍: ബിയറിന് തുല്യമായി ലഹരി ചേര്‍ത്ത ശീതളപാനീയ വില്‍പനയില്‍നിന്ന് സര്‍ക്കാര്‍ പൂര്‍ണമായും പിന്‍വാങ്ങിയില്ലെന്ന് വ്യക്തമാവുന്നു. ഇക്കൊല്ലം ഇത് വിപണിയിലിറക്കില്ലെന്ന നിലപാട് സര്‍ക്കാര്‍ എടുത്തെന്ന് മാത്രം. എന്നാല്‍, ഇതുമായി ബന്ധപ്പെട്ട ഫയല്‍ എക്സൈസ് വകുപ്പില്‍ ക്ലോസ് ചെയ്തിട്ടില്ല.

ബക്കാര്‍ഡി ^മാര്‍ട്ടിനി ഇന്ത്യ കമ്പനിയാണ് പുതിയ ഉല്‍പന്നം വിപണിയിലിറക്കാന്‍ അനുമതി തേടി 2007^ല്‍ സര്‍ക്കാറിനെ സമീപിച്ചത്. 10 ശതമാനത്തില്‍ താഴെ വരെ ആല്‍ക്കഹോള്‍ അടങ്ങിയതാണ് 'റെഡി ടു ഡ്രിങ്ക്' എന്ന ഉല്‍പന്നമെന്നും ബിയറിന് തുല്യമാണിതെന്നും കമ്പനി സര്‍ക്കാറിനെ അറിയിച്ചു. മറ്റ് സംസ്ഥാനങ്ങളില്‍ ഇത് വന്‍ വിജയമാണെന്നും കമ്പനി അവകാശപ്പെട്ടു. ഒറ്റ നോട്ടത്തില്‍ ജ്യൂസാണെന്ന് തോന്നുന്ന 'റെഡി റ്റു ഡ്രിങ്ക്' പല നിറത്തിലും രുചിയിലും വിപണിയിലെത്തിക്കുമെന്നാണ് കമ്പനി അറിയിച്ചത്.

കമ്പനിയുടെ പദ്ധതിയെക്കുറിച്ച് എക്സൈസ് വകുപ്പ് വിശദമായി ചര്‍ച്ച നടത്തി. എന്നാല്‍, വകുപ്പിനകത്തുനിന്ന് ശക്തമായ എതിര്‍പ്പുണ്ടായി. ബിയറിന് തുല്യമായ ശീതളപാനീയം വിപണിയിലിറക്കാന്‍ അനുമതി നല്‍കിയാല്‍ അത് പെട്ടിക്കടകളില്‍ പോലും ലഭ്യമാകുമെന്നും കുട്ടികളും സ്ത്രീകളും ഭൂരിഭാഗം യുവാക്കളും മദ്യപാനികളായി മാറുമെന്നുമായിരുന്നു ഉദ്യോഗസ്ഥര്‍ അഭിപ്രായപ്പെട്ടത്. മേഖലാ എക്സൈസ് ഡെപ്യൂട്ടി കമീഷണര്‍മാര്‍ ശക്തമായി വിയോജിപ്പ് രേഖപ്പെടുത്തി. ഇതേ തുടര്‍ന്ന് ബക്കാര്‍ഡിക്ക് അനുമതി നല്‍കേണ്ടെന്ന് തീരുമാനിച്ചു. 2008 അവസാനത്തോടെ ബന്ധപ്പെട്ട ഫയല്‍ ക്ലോസ് ചെയ്യുകയും ചെയ്തു. എന്നാല്‍, ഈ ഫയല്‍ കഴിഞ്ഞ വര്‍ഷം അവസാനത്തോടെ വീണ്ടും തുറക്കുകയായിരുന്നു. ബക്കാര്‍ഡിയുടെ ഉല്‍പന്നത്തിനായി അബ്കാരി ചട്ടത്തില്‍ ഭേദഗതിയും വരുത്തി. മലബാറിലെ ഉന്നത സി.പി.എം നേതാവിന്റെ സമ്മര്‍ദത്തെത്തുടര്‍ന്നാണ് ഫയല്‍ വീണ്ടും തുറന്നതെന്ന് ആരോപണമുണ്ട്. ഇക്കാര്യം പുറത്തായി ജനരോഷമുയര്‍ന്നു. എക്സൈസ് വകുപ്പിലെ എല്ലാ തലത്തില്‍നിന്നും വീണ്ടും ശക്തമായ എതിര്‍പ്പ് ഉണ്ടായി. ഇതോടെയാണ് ഇക്കൊല്ലം ഇത് വിപണിയിലിറക്കേണ്ടെന്ന നിലപാടില്‍ സര്‍ക്കാര്‍ എത്തിച്ചേര്‍ന്നത്.
എന്നാല്‍, മദ്യശീതള പാനീയം വിപണിയിലെത്തിക്കില്ലെന്ന് അര്‍ഥശങ്കക്കിടയില്ലാതെ പറയാന്‍ സര്‍ക്കാര്‍ തയാറായിട്ടില്ല. നടപടികള്‍ തല്‍ക്കാലം മരവിപ്പിച്ചെന്ന് മാത്രം. ക്ലോസ് ചെയ്ത ഫയല്‍ തുറന്ന സര്‍ക്കാറിന് അടുത്ത വര്‍ഷത്തോടെ ഇത് വിപണിയിലെത്തിക്കാവുന്നതേയുള്ളൂ

No comments: