Wednesday, February 10, 2010

മദ്യക്കോള: സര്‍ക്കാര്‍ നീക്കം അപകടകരം: ജാഗ്രതാസമിതി

തൃശൂര്‍ : സ്ത്രീകളെയും കുട്ടികളെയുമുള്‍പ്പെടെ ലഹരിക്ക് അടിമകളാക്കുന്ന വിധത്തില്‍ മദ്യം കലര്‍ന്ന കോള വിപണിയില്‍ ഇറക്കാനുള്ള സര്‍ക്കാര്‍ നീക്കം അപകടമാണെന്ന് മദ്യക്കോള വിരുദ്ധ ജാഗ്രതാസമിതി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ മുന്നറിയിപ്പു നല്‍കി.

അടുത്ത നിയമസഭാ സമ്മേളനത്തില്‍ അബ്കാരി നിയമംതന്നെ ഭേദഗതി ചെയ്യാന്‍ നീക്കമുണ്ടെന്നും ഇതിനെതിരെ ശക്തമായ പ്രക്ഷോഭം സര്‍ക്കാറിന് നേരിടേണ്ടി വരുമെന്നും സമിതി രക്ഷാധികാരി ടി.എന്‍. പ്രതാപന്‍ എം.എല്‍.എ പറഞ്ഞു. കോളയില്‍ അഞ്ചു മുതല്‍ 10 ശതമാനം വരെ ലഹരി അംശം ഉണ്ടാകുമെന്ന് കമ്പനിതന്നെ പറയുന്നുണ്ട്. ബിവറേജസ് കോര്‍പറേഷന്റെ ഔട്ട്ലെറ്റുകള്‍ വഴി മാത്രമേ വില്‍പന പാടൂള്ളു എന്ന് സര്‍ക്കാര്‍ പറയുന്നുണ്ടെങ്കിലും ഇതേ പാനീയം വിപണിയിലിറക്കിയ 10 സംസ്ഥാനങ്ങളില്‍ ശീതള പാനീയം വില്‍ക്കുന്ന എല്ലാ കടകളിലും ഇത് ലഭ്യമാണ്. ഭാവിയില്‍ കേരളത്തിലും പെട്ടിക്കടകളില്‍ വരെ മദ്യക്കോള സുലഭമാവും.

ഈമാസം 12ന് വൈകുന്നേരം അഞ്ചിന് തൃശൂര്‍ കോര്‍പറേഷന്‍ ഓഫീസിനു മുന്നില്‍ ജാഗ്രതാ സായാഹ്നധര്‍ണയും അബ്കാരി നിയമ ഭേദഗതി ബില്‍ നിയമസഭയില്‍ അവതരിപ്പിക്കുന്ന ദിവസം തിരുവനന്തപുരത്ത് ഉപവാസവും നടത്തും. വാര്‍ത്താസമ്മേളനത്തില്‍ ചെയര്‍മാന്‍ ജയിംസ് മുട്ടിക്കല്‍, ജനറല്‍ കണ്‍വീനര്‍ ഇ.എ. ജോസഫ്, വൈസ് ചെയര്‍മാന്‍മാരായ എം.പി. ജോയ്, കെ.കെ. ഷാജഹാന്‍ എന്നിവരും പങ്കെടുത്തു.

No comments: