Tuesday, March 24, 2009

വ്യാജമദ്യ നിര്‍മാണം പൂര്‍ണമായി തടയണം

കേരളത്തില്‍ വിഷക്കള്ളും വ്യാജമദ്യവും വ്യാപകമാവുന്നുവെന്ന വ്യക്തമായ സൂചനകളാണ്‌ കഴിഞ്ഞ ദിവസങ്ങളിലായി പുറത്തു വന്നത്‌. അന്യ സംസ്ഥാനങ്ങളില്‍ നിന്ന്‌ അനധികൃതമായി സ്‌പിരിറ്റ്‌ കടത്താന്‍ ആഡംബര കാറുകളുടെ ഉപയോഗം ഉള്‍പ്പെടെ നവീന മാര്‍ഗങ്ങളാണ്‌ ഈയിടെയായി വ്യാജ മദ്യലോബി സ്വീകരിക്കുന്നത്‌. ഇനി വരുന്നത്‌ തിരഞ്ഞെടുപ്പ്‌ കാലമാണ്‌. പൊതുവെ മദ്യത്തിന്റെ ഉപയോഗം കൂടുന്ന സമയമാണിത്‌. വ്യാജമദ്യം തടയാന്‍ സര്‍ക്കാര്‍ ശക്തമായ നടപടി കൈക്കൊണ്ടില്ലെങ്കില്‍ വന്‍ ദുരന്തം വരെ സംഭവിച്ചേക്കാമെന്നാണ്‌ അടുത്തിടെ മധ്യ കേരളത്തില്‍ ഉണ്ടായ സംഭവവികാസങ്ങള്‍ നല്‍കുന്ന സൂചന. സംസ്ഥാനത്തെ കള്ളുഷാപ്പുകള്‍ വഴി ദിവസവും ചെലവാകുന്ന കള്ളിന്റെ ചെറിയ ശതമാനം പോലും വരില്ല ഇവിടത്തെ യഥാര്‍ഥ കള്ളിന്റെ ഉത്‌പാദനം. സ്‌പിരിറ്റ്‌ കലര്‍ത്തിയുള്ള വ്യാജക്കള്ള്‌ വ്യാപകമാണെന്നറിയാന്‍ ഇതില്‍ കൂടുതല്‍ തെളിവൊന്നും ആവശ്യമില്ല. ടാങ്കര്‍ ലോറികളില്‍ പ്രത്യേക അറ ഉണ്ടാക്കിയും സിമന്റിന്റെയും പച്ചക്കറിയുടെയും മറ്റും മറവില്‍ സാധാരണ ചരക്കു ലോറികളിലും സ്‌പിരിറ്റ്‌ കടത്തല്‍ പതിവാണ്‌. ഇവയെക്കാള്‍ എളുപ്പവും പരിശോധിക്കാനും പിടിക്കപ്പെടാനുമുള്ള സാധ്യത കുറഞ്ഞതുമായ രീതി എന്ന നിലയിലാണ്‌ ഇപ്പോള്‍ ആഡംബര കാറുകളില്‍ കന്നാസുകളില്‍ സ്‌പിരിറ്റ്‌ കടത്തുന്നത്‌. ആലുവയില്‍ കഴിഞ്ഞ ദിവസം ഇത്തരത്തില്‍ ഒരു ആഡംബര കാറില്‍ നിന്ന്‌ 1000 ലിറ്റര്‍ സ്‌പിരിറ്റ്‌ നാട്ടുകാര്‍ പിടികൂടിയതോടെയാണ്‌ ഏറ്റവുമൊടുവില്‍ സ്‌പിരിറ്റ്‌ കടത്തലിന്റെ ഈ പുതിയ മുഖം നാം കണ്ടത്‌. സ്‌പിരിറ്റുമായെത്തിയ കാര്‍ അപകടത്തില്‍ പെട്ടപ്പോഴായിരുന്നു ഇത്‌. പിന്നീട്‌ എറണാകുളത്തു നിന്ന്‌ ഇത്തരത്തില്‍ രണ്ട്‌ കാറുകളില്‍ നിന്ന്‌ സ്‌പിരിറ്റ്‌ പിടികൂടി. ഈ പ്രദേശത്ത്‌ ഒരു സ്‌പിരിറ്റ്‌ ഗോഡൗണില്‍ പോലീസ്‌ നടത്തിയ പരിശോധനയില്‍ 10,000 ലിറ്ററിന്റെ ടാങ്ക്‌ കണ്ടെത്തിയിരുന്നു. ഇത്തരം കേസുകളില്‍ വ്യാജക്കള്ളിന്റെ ഉടമകള്‍ക്കു പകരം ജീവനക്കാര്‍ മാത്രമാണ്‌ മിക്കപ്പോഴും പിടിയിലാവുന്നത്‌. സ്‌പിരിറ്റിന്റെയും കള്ളിന്റെയും മണം പുറത്തു വരാതിരിക്കാന്‍ കക്കൂസ്‌ മാലിന്യം വരെ ഗോഡൗണിനരികില്‍ ഇടുന്ന പതിവുമുണ്ട്‌. വളരെ വൃത്തിഹീനമായ ചുറ്റുപാടിലാണ്‌ ഗോഡൗണുകള്‍ പ്രവര്‍ത്തിക്കുന്നത്‌ എന്ന്‌ ചുരുക്കം. അന്യസംസ്ഥാനങ്ങളില്‍ നിന്ന്‌ വരുന്ന സ്‌പിരിറ്റില്‍ മരണത്തിനോ, കാഴ്‌ച നഷ്‌ടമാവാനോ കാരണമാകുന്ന വ്യാവസായിക സ്‌പിരിറ്റ്‌ കലരാനുള്ള സാധ്യതയും ഏറെയാണ്‌. വിഷക്കള്ള്‌ പിടികൂടിയതിനെത്തുടര്‍ന്ന്‌ ഈ പ്രദേശത്തെ ചില കള്ളുഷാപ്പുകള്‍ അധികൃതര്‍ അടപ്പിച്ചിരുന്നു. ഇവയില്‍ നിന്ന്‌ അനധികൃതമായി കള്ള്‌ വില്‌പന നടക്കുന്നതായി പരാതി ഉയര്‍ന്നിട്ടുണ്ട്‌. വ്യാജക്കള്ള്‌ ഉപയോഗിക്കാന്‍ ഉപഭോക്താക്കള്‍ മുന്നോട്ടു വരുന്നുവെന്നാണ്‌ ഇത്‌ നല്‍കുന്ന സൂചന. ഒട്ടേറെ മദ്യ ദുരന്തങ്ങള്‍ക്ക്‌ സാക്ഷ്യം വഹിച്ച നമ്മുടെ നാട്ടില്‍ ജനം ഇനിയും കാര്യങ്ങളുടെ ഗൗരവം മനസ്സിലാക്കുന്നില്ലെന്നത്‌ ഖേദകരമാണ്‌. വ്യാജമദ്യത്തിനെതിരെ എല്ലാ തലത്തിലും അതിയായ ജാഗ്രത ആവശ്യമാണ്‌. ചില ഉദ്യോഗസ്ഥര്‍, രാഷ്ട്രീയക്കാര്‍ എന്നിവര്‍ക്ക്‌ മദ്യലോബിയുമായുള്ള അവിശുദ്ധ കൂട്ടുകെട്ടാണ്‌ സ്‌പിരിറ്റൊഴുക്ക്‌ നിര്‍ബാധം തുടരാന്‍ കാരണമാവുന്നതെന്ന്‌ പരാതിയുണ്ട്‌. പരിശോധനകള്‍ വ്യാപകമാക്കുകയും സ്‌പിരിറ്റിന്റെ അനധികൃത ഒഴുക്ക്‌ തടയുകയും വേണം. മധ്യകേരളത്തിലെ മൂന്ന്‌ ജില്ലകളില്‍ മാത്രമായി വിഷക്കള്ള്‌ നിര്‍മിക്കുന്ന ഇരുപതോളം ഗോഡൗണുകളുണ്ടെന്നാണ്‌ കണക്കാക്കപ്പെടുന്നത്‌. ഇത്തരം ഗോഡൗണുകളില്‍ പരിശോധന നടത്തുകയും വ്യാജക്കള്ളിന്റെ നിര്‍മാണം ബോധ്യപ്പെട്ടാല്‍ അവയുടെ ഉടമകള്‍ക്കെതിരെ കര്‍ക്കശ ശിക്ഷാ നടപടി എടുക്കുകയും ചെയ്യേണ്ടതുണ്ട്‌. തിരഞ്ഞെടുപ്പ്‌ അടുക്കുന്നതോടെ ഇക്കാര്യങ്ങളില്‍ പതിവിലധികം ശുഷ്‌കാന്തി ഉണ്ടായേ മതിയാവൂ. സ്‌പിരിറ്റൊഴുക്ക്‌ തടയാന്‍ കഴിവും അര്‍പ്പണബോധവുമുള്ള പ്രത്യേക സംഘത്തെ നിയോഗിക്കണമെന്ന്‌ ഹൈക്കോടതി തന്നെ നേരത്തേ നിര്‍ദേശിച്ചിരുന്നതാണ്‌. ഉദ്യോഗസ്ഥര്‍ക്ക്‌ ആധുനിക ഉപകരണങ്ങള്‍ ഉള്‍പ്പെടെ ആവശ്യമായ സൗകര്യം നല്‍കുമെന്ന്‌ സര്‍ക്കാര്‍ വ്യക്തമാക്കുകയും ചെയ്‌തിരുന്നു. പേരിന്‌ പ്രത്യേക സംഘവും ആയുധവും വാഹന സൗകര്യവും മാത്രം പോരാ. വ്യാജമദ്യവും വിഷക്കള്ളും തടയാന്‍ രാഷ്ട്രീയ നേതൃത്വവും ഉദ്യോഗസ്ഥരും ഇച്ഛാശക്തി പ്രകടമാക്കുക തന്നെ വേണം

കടപ്പാട് മാതൃഭൂമി

No comments: